പ്രമാടം: നേതാജി ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ.എൽ.പി. സ്‌കൂൾ, പ്രഗതി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നിവയുടെ മുന്നിലെ റോഡ് അപകടക്കെണിയായി. പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞിടെ റോഡ് ഉയർത്തി ടാർ ചെയ്തതോടെ ഇരുവശവും രണ്ടടിയിലേറെ താഴ്ചയിലാണ്. നിലവാരം മെച്ചപ്പെടുത്തിയ റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായുമ്പോൾ പെട്ടെന്ന് ഒഴിഞ്ഞു മാറേണ്ടിവരുന്ന കുട്ടികൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയേറെ. സൈക്കിളിൽ വരുന്ന കുട്ടികളും കാൽനടക്കാരും നേരിടുന്ന ഭീഷണി ഇതിനു പുറമെയാണ്. വാഹനങ്ങളിൽ എത്തുന്ന കുട്ടികൾക്ക് സ്‌കൂൾ പരിസരത്ത് ഇറങ്ങാനും പ്രയാസമാണ്. മൂന്നു സ്‌കൂളുകളിലായി രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന ഇവിടെ റോഡിൽ ഹമ്പുകളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ല. റോഡിന് ഇരുവശവും ഉയർത്തി കോൺക്രീറ്റ് ചെയ്യുകയോ ടൈൽ പാകുകയോ ആണ് പോംവഴി. ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.