മല്ലപ്പള്ളി : കോട്ടാങ്ങൽ -മല്ലപ്പള്ളി -ആനിക്കാട് കുടിവെളള പദ്ധതി പൂർത്തിയാകുന്നതോടെ കോട്ടാങ്ങൽ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകും. 58.09 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പദ്ധതി കോട്ടാങ്ങൽ മല്ലപ്പള്ളി ആനിക്കാട് പഞ്ചായത്തുകളിലെ സമഗ്ര കുടിവെള്ള വിതരണം ഉദ്ദേശിച്ചാണ്. കോട്ടാങ്ങൽ പഞ്ചായത്തിലെ 1, 2 ,3 , 11, 12, 13 വാർഡുകളിലാണ് ഇതുവഴി കുടിവെള്ളം എത്തിക്കുക. ഇതുകൂടാതെ നിലവിലുള്ള പെരുമ്പാറ, മലമ്പാറ കുടിവെള്ള പദ്ധതികൾ വെള്ളം എത്തിക്കുന്നുണ്ട്. കോട്ടാങ്ങൽ -ആനിക്കാട് പദ്ധതി പ്രകാരം 2353 ഗാർഹിക കണക്ഷനുകളാണ് നൽകുന്നത്. ഇതിനായി കുന്നനോലിയിൽ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ച് ഉന്നത നിലവാരത്തിലുള്ള വെള്ളമായിരിക്കും വിതരണം ചെയ്യുക. പെരുമ്പാറ ,പൂങ്കുറഞ്ഞ ഭാഗങ്ങളിൽ ജലവിതരണം സുഗമമാക്കുന്നതിനുവേണ്ടി കൂടുതൽ ശേഷിയുള്ള ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കാൻ വൈദ്യുതി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡ് നിർമ്മാണത്തിനിടെ പൊട്ടിയ പൈപ്പുകൾ ഒരു മാസത്തിനകം പുനരുദ്ധരിക്കും. കോട്ടാങ്ങൽ പഞ്ചായത്തിലെ ജൽജീവൻ പദ്ധതികളുടെ അവലോകനം നടത്തുന്നതിനായി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ യോഗം വിളിച്ചുചേർത്തു. പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോർജ് അദ്ധ്യക്ഷനായി. വാട്ടർ അതോറിറ്റി എക്സി.എൻജിനീയർ കെ.യു മിനി, അസി.എക്സി.എൻജിനീയർമാരായി എസ്.ജി കാർത്തിക, മഞ്ജു, പി.കെ പ്രദീപ്കുമാർ ,അശ്വിൻ,ശ്രീലേഖ എന്നിവർ സംസാരിച്ചു.