പത്തനംതിട്ട : പൂനലൂർ - മൂവാറ്റുപുഴ ഹൈവേ നിർമ്മാണത്തിനിടെ സംരക്ഷണഭിത്തി നിർമ്മിക്കാത്തതു കാരണം വീടിന് ബലക്ഷയമുണ്ടായെന്ന പരാതിയിൽ പുതിയ അപ്രോച്ച് റോഡ് നിർമ്മിക്കുന്ന സമയത്ത് സംരക്ഷണഭിത്തി നിർമ്മിച്ചു നൽകാമെന്ന് സർക്കാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പരാതിക്ക് പരിഹാരം കാണാൻ പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനീയർ തുടർ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജ്ര്രക് (പൊൻകുന്നം) എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി.പരാതിക്കാരനായ മണ്ണാക്കുളഞ്ഞി മഠത്തിപ്പറമ്പിൽ ഓസ്റ്റിൻ റോയ് ജോസിന്റെ വീടിന് 30 മീറ്റർ നീളത്തിൽ കരിങ്കൽ സംരക്ഷണ ഭിത്തി നിർമ്മിച്ച് നൽകിയതായി കേരള ട്രാൻസ്‌പോർട്ട് പ്രോജ്ര്രക് എക്‌സിക്യൂട്ടീവ് എൻജിനീയർ കമ്മീഷനെ അറിയിച്ചു. അപ്രോച്ച് റോഡ് പൊളിച്ചു മാറ്റുമ്പോൾ പുതിയ റോഡും അതിന്റെ സംരക്ഷണ ഭിത്തിയും നിർമ്മിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. റോഡിന്റെ വികസന പ്രവർത്തനങ്ങൾക്കായി പരാതിക്കാരന്റെ വീടിന് സമീപമുള്ള മണ്ണ് നീക്കം ചെയ്തപ്പോഴാണ് ബലക്ഷയം സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.