അടൂർ : സി.പി.ഐ അടൂർ മണ്ഡലം കമ്മിറ്റി ഇന്ന് വിഭജിക്കപ്പെടും. അടൂർ, പന്തളം എന്നീ രണ്ട് മണ്ഡലം കമ്മിറ്റികൾ ഇതോടെ നിലവിൽ വരും. താഴെ തട്ടിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണിത്. നിലവിൽ അടൂർ മണ്ഡലത്തിൽ 18 ലോക്കൽ കമ്മിറ്റികളാണ് നിലവിലുള്ളത്. ഇതിൽ പന്തളം നഗരസഭ, തെക്കേക്കര പഞ്ചായത്ത് എന്നിവിടങ്ങളിലെ രണ്ടുവീതവും തുമ്പമൺ പഞ്ചായത്തിലെ ഒരു ലോക്കൽ കമ്മിറ്റിയും ഉൾപ്പെടെ അഞ്ച് ലോക്കൽ കമ്മിറ്റികൾ പന്തളം മണ്ഡലം കമ്മിറ്റികളുടെ നിയന്ത്രണത്തിൽ വരും. ശേഷിക്കുന്ന 13 ലോക്കൽ കമ്മിറ്റികൾ അടൂർ മണ്ഡലത്തിന്റെ പരിധിയിലാകും. ഇതു സംബന്ധിച്ച തീരുമാനം നേരത്തെ എടുത്തിരുന്നതാണ്. എന്നാൽ മണ്ഡലം കമ്മിറ്റി സെക്രട്ടറിമാരെ മണ്ഡലം സമ്മേളനത്തിൽ വച്ചുമാത്രമേ തിരഞ്ഞെടുക്കാനാകൂ. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്ന് പുതിയ സെക്രട്ടറിമാരെ സംബന്ധിച്ച് ഏകദേശ ധാരണ രൂപപ്പെടുത്തും. ഇത് പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന മണ്ഡലം കമ്മിറ്റി മുമ്പാകെ അവതരിപ്പിച്ച് അംഗീകാരം നേടും.