ചെങ്ങന്നൂർ: തന്നെയും കുടുംബത്തെയും വ്യക്തിപരമായി അധിക്ഷേപിച്ചെന്നു കാട്ടി ബി.ജെ.പി ജില്ലാ പ്രസിഡന്റിനും മണ്ഡലം പ്രസിഡന്റിനുമെതിരെ കാൽ കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്തതായി രാജിവെച്ച പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് ആശ വി.നായർ പത്ര സമ്മേളനത്തിൽ അറിയിച്ചു. രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. അടിസ്ഥാനരഹിതമായി അഴിമതി ആരോപണങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. ലൈഫ് മിഷനിൽ യാതൊരു അഴിമതിയും നടത്തിയിട്ടില്ല. കൂടുതൽ മതിപ്പുവിലയുള്ള ഭൂമി കേവലം 2.25 ലക്ഷം രൂപ നിരക്കിൽ മൂന്ന് സെന്റ് വീതം സ്വകാര്യവ്യക്തിയിൽ നിന്ന് 9 ഗുണഭോക്താക്കൾക്കായി വാങ്ങുകയായിരുന്നു. ഇതിൽ എന്ത് അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് നേതാക്കൾ വ്യക്തമാക്കണം. തന്റെ മകൻ ഇതിനോടു ചേർന്നു മൂന്നര സെന്റ് ഭൂമി വാങ്ങിയിരുന്നു. ഇത് മകന്റെ സമ്പാദ്യം ഉപയോഗിച്ചു മതിപ്പുവില നൽകി വാങ്ങിയതാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിക്കാൻ വെല്ലുവിളിക്കുകയാണ്. കോഴ വാങ്ങിയാണു ഇതൊക്കെ ചെയ്യുന്നതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ആശ പത്രസമ്മേളനത്തിൽ പറഞ്ഞു.