കോഴഞ്ചേരി: കിടങ്ങന്നൂർ ജംഗ്ഷനിലെ ടോയ്ലെറ്റും, തുമ്പൂർമൂഴി മാലിന്യ സംസ്‌ക്കരണ പ്ലാന്റും മൂന്നു വർഷം കഴിഞ്ഞിട്ടും തുറന്നുകൊടുക്കാത്തതിൽ വൻ പ്രതിഷേധം. ആറൻമുള പഞ്ചായത്ത് പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് നാട്ടുകാർ. ലക്ഷങ്ങൾ മുടക്കി ടോയ് ലെറ്റ് കോംപ്ലക്സുകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടില്ലെന്നാണ് പരാതി. പഞ്ചായത്തിലെ പ്രധാന വിപണന കേന്ദ്രമാണ് കിടങ്ങന്നൂർ ചന്ത. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ചന്തയിൽ നിരവധിപേരാണ് വന്നു പോകുന്നത്. എന്നാൽ ഇവിടെ പ്രാഥമീക കൃത്യങ്ങൾ നിർവഹിക്കാൻ സംവിധാനം ഉണ്ടായിരുന്നില്ല. തുടർന്നാണ് 4ലക്ഷം മുടക്കി ടോയ് ലെറ്റ് കോംപ്ലക്‌സ് നിർമ്മിച്ചത്.പഞ്ചായത്ത് പ്രസിഡന്റിന്റെ മൂക്കിനു താഴെയാണ് ഈ സ്ഥാപനങ്ങൾ. എന്നിട്ടും യാതൊരു നടപടിയും എടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇപ്പോൾ മാർക്കറ്റിലും മറ്റും എത്തുന്നവർ പരിസര വീടുകളെയാണ് പ്രാഥമീക കൃത്യങ്ങൾ നിർവഹിക്കാൻ ആശ്രയിക്കുന്നത്.ഈ സാഹചര്യത്തിലാണ് നാട്ടുകാർ സർക്കാരിനേയും കോടതിയേയും സമീപിക്കാൻ ഒരുങ്ങുന്നത്.