മല്ലപ്പള്ളി: റാന്നി സെന്റ് തോമസ് കോളേജ് ബിരുദ വിദ്യാർത്ഥിനി സാനിമോൾ വി.എസ് റാന്നി താലൂക്കാശുപത്രിയിൽ ചികിത്സകിട്ടാതെ മരിച്ചതിന്റെ സാഹചര്യം അന്വേഷിക്കുന്നതിൽ പൊലീസിന്റെ അനാസ്ഥയ്ക്കെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പെരുംമ്പെട്ടി പൊലീസ് സ്റ്റേഷനു മുമ്പിൽ സായാഹ്ന ധർണ നടത്തി. സാനിമോൾ മരിച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും പോലീസ് സ്റ്റേഷനിൽ കൊടുത്ത പരാതിയിന്മേൽ മാതാപിതാക്കളുടെയോ ബന്ധപ്പെട്ടവരുടെയോ മൊഴി രേഖപ്പെടുത്താൻ ഇതുവരെ തയാറായിട്ടില്ല. താലൂക്കാശുപത്രിയിൽ ചികിത്സ കിട്ടാതെ മരണം സംഭവിക്കുന്നത് തുടർക്കഥയാണ്. അധികാരികളുടെ നിസംഗതയാണിതിന് കാരണമെന്നും എത്രയും വേഗത്തിൽ അന്വേക്ഷണം നടത്തി കുറ്റവാളികളെ കണ്ടെത്തിയില്ലെങ്കിൽ ആശുപത്രി മാർച്ച് ഉൾപ്പെടെയുള്ള സമരം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. റാന്നി സെന്റ് തോമസ് കോളേജ് അസി.പ്രൊഫ.ഡോ.എം.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. കൗൺസിൽ ഒഫ് ദലിത് ക്രിസ്ത്യൻസ് ജില്ലാ ചെയർമാൻ രാജു തേക്കട അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സമദ് മേപ്രത്ത് മുഖ്യ പ്രഭാഷണം നടത്തി. ജയിംസ് കണ്ണിമല, മധു നെടുമ്പാല, ഈപ്പൻ വർഗീസ്, സന്തോഷ് പെരുമ്പെട്ടി, ഉഷാ ഗോപി,ടിനോ തോമസ്,വിജയൻ വെള്ളയിൽ, ജിനു സി.ജോൺ, പാസ്റ്റർ പി.ഡി സാബു,അസീസ് ചുങ്കപ്പാറ, തോമസ് മാത്യൂ പുത്തേത്ത്,​ അഡ്വ.ജോജി പടപ്പയ്ക്കൽ,​ ജോ.കൺവീനർ അജു കെ.മാത്യു എന്നിവർ പങ്കെടുത്തു.