1

മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്തിലെ 92-ാം അങ്കണവാടി കാടുകയറി കുരുന്നുകൾക്ക് പേടി സ്വപ്നമായി മാറുന്നു. അങ്കണവാടി വാടക കെട്ടിട്ടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചിട്ട് ആറുവർഷം പിന്നിട്ടെങ്കിലും പുതിയ കെട്ടിടം നിർമ്മിക്കാൻ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. കെട്ടിടത്തിന് സമീപവും കെട്ടിടവും കാടുകയറി ഇഴ ജന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണ്. 2016 ഓഗസ്റ്റ് മാസത്തിലാണ് അങ്കണവാടി കെട്ടിടം പ്രവർത്തന യോഗ്യമല്ലെന്ന് കണ്ടെത്തിയത്. ഇതെ തുടർന്ന് സമീപത്തെ മറ്റൊരു കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. വർഷങ്ങൾ പിന്നിട്ടിട്ടും കെട്ടിടത്തിന് അറ്റകുറ്റപ്പണികളോ, പുതിയ കെട്ടിടമെന്ന ആശയമോ നടപ്പിലായില്ല. നിലവിൽ 11 കുട്ടികൾ അങ്കണവാടിയിൽ എത്തുന്നുണ്ട്. സ്ത്രീകളും കുട്ടികളും അടക്കം 52 ഗുണഭോക്താക്കളാണ് ഇതിന്റെ പരിധിയിലുള്ളത്. നിലവിൽ പഞ്ചായത്തിൽ സ്മാർട്ട് അങ്കണവാടിയില്ലാത്തതിനാൽ നിലവിലെ കെട്ടിടം പൊളിച്ചു മാറ്റുകയും ഇവിടെയുള്ള അഞ്ച് സെന്റ് സ്ഥലത്ത് ഐ.സി.ഡി.എസ് ഫണ്ടിൽ നിന്നും ഉന്നതനിലവാരത്തിൽ പുതിയ കെട്ടിടം നിർമ്മിക്കണമെന്നതുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

..................

എം.ജി.എൻ.ആർ.ഇ.എസ് ഫണ്ടിൽ നിന്ന് അഞ്ചുലക്ഷവും ഐ.സി.ഡി.എ.സിൽ നിന്ന്് രണ്ടു ലക്ഷവും ഫണ്ട് ലഭിച്ചിരുന്നെങ്കിലും ഈ തുകയ്ക്ക് കരാറുകാരനെ ലഭിച്ചില്ല. തുടർനടപടിയായി സ്മാർട്ട് അങ്കണവാടി എന്ന ആശയം കണക്കിലെടുത്ത് എം.എൽ.എയ്ക്ക് നിവേദനം നല്കിയിട്ടുണ്ട്.

കെ.പി അഞ്ജലി

(കോട്ടാങ്ങൽ പഞ്ചായത്തംഗം)​

-പ്രവർത്തന യോഗ്യമല്ലെന്ന് കണ്ടെത്തിയത് 2016ൽ

-അങ്കണവാടിയിൽ 11 കുട്ടികൾ

-ഇഴജന്തുക്കളുടെ താവളം