
പത്തനംതിട്ട : സ്വപ്നയുടെ വെളിപ്പെടുത്തൽ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നെങ്കിൽ പിണറായി വിജയൻ ഇപ്പോൾ ജയിലിൽ കിടക്കുമായിരുന്നുവെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി സി. പി. ജോൺ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് എതിരെ ഉയർന്ന ആരോപണങ്ങൾ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ് ഇടപാടിൽ പരിശോധന നടത്തണം. ബി.ജെ.പി , സി.പി.എം അവിശുദ്ധ ബന്ധമാണ് പുറത്തുവരുന്നതെന്നും അദ്ദേഹം ആരോപിച്ചു. യു.എ.ഇ സുൽത്താനെ വഴിതിരിച്ച് വിട്ടതിനെപ്പറ്റി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയാണ് മറുപടി പറയേണ്ടത്. സംഭവത്തെപ്പറ്റി പരാതിയുണ്ടെങ്കിൽ അന്വേഷിക്കാമെന്ന വി. മുരളീധരന്റെ നിലപാട് പരിഹാസ്യമാണെന്നും സി.പി ജോൺ പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ വിക്ടർ ടി.തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു , ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ , കെ.പി.സി.സി അംഗം പി. മോഹൻരാജ്, ജില്ലാ കൺവീനർ എ. ഷംസുദീൻ, മുൻ ഡി.സി.സി പ്രസിഡന്റ് ബാബുജോർജ്, നേതാക്കളായ കെ.ഇ.അബ്ദുൾ റഹ്മാൻ, ജോസഫ് എം. പുതുശേരി, സനോജ് മേമന ,ടി. എം. ഹമീദ്, ജോർജ് മാമ്മൻ കൊണ്ടൂർ, കുഞ്ഞുകോശി പോൾ, ശിവദാസൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.