അടൂർ : അടൂർ നഗരത്തിൽ പള്ളിക്കാറിന് കുറുകെ പുതിയ ഇരട്ടപ്പാലം നിർമ്മിക്കാൻ ഉണ്ടാക്കിയ ബണ്ടുകളും പഴയ പാലത്തിന്റെ അവശിഷ്ടങ്ങളും പുഴയിൽ നിന്ന് ഇനിയും നീക്കം ചെയ്തില്ല. മൺകൂനകളും വലിയ പാറക്കഷണങ്ങളും മറ്റ് അവശിഷ്ടങ്ങളും പാലത്തിനടിയിലും ആറിന്റെ മദ്ധ്യഭാഗത്തുമായി കൂടി കിടക്കുകയാണ്. ബണ്ടിന്റെ മണ്ണും കുറ്റിയും അവശേഷിക്കുന്നുണ്ട്. ഇതോടെ റോഡിന്റെ വീതി കുറഞ്ഞ് നടുക്ക് കൂടി മാത്രമാണ് വെള്ളം ഒഴുകുന്നത്. ബണ്ടും പാറ കൂട്ടവും, മണ്ണും ആറ്റിലെ വെള്ളം ഒഴുക്കിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞവർഷം നവംബർ 17ന് വലിയതോട് കരകവിഞ്ഞ് ടൗൺ പ്രദേശമാകെ വെള്ളത്തിൽ മുങ്ങിയിരുന്നു. മഴ കൂടി വരുന്നതിനാൽ ആറ്റിലെ ജലനിരപ്പ് ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ പ്രളയത്തിൽ കടകളിലെല്ലാം വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. കൊവിഡും വെള്ളപ്പൊക്കവും വരുത്തിയ കടക്കെണിയിൽ നിന്ന് വ്യാപാരമേഖല കരകയറുന്ന തേയുള്ളൂ. വീണ്ടുമൊരു വെള്ളപ്പൊക്കം അവർക്ക് താങ്ങാൻ ആവില്ല.
കൈയേറ്റം വ്യാപകം
ആറ് നഗര ഭാഗത്ത് വലിയ തോതിൽ കൈയേറ്റമുണ്ട്. ഒഴിപ്പിക്കാൻ സർവേ വിഭാഗം അളന്ന് പലയിടത്തും കല്ലിട്ടെങ്കിലും കൈയേറ്റക്കാരുടെ ഇടപെടലിനെ തുടർന്ന് നടപടി നിശ്ചലമായതായി ആരോപണം ഉണ്ട്. റോഡിന്റെ നവീകരണത്തിന് 8 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നഗരത്തിൽ മാലിന്യങ്ങൾ തള്ളാതിരിക്കാൻ വലിയ ഉയരത്തിൽ വേലി സ്ഥാപിച്ചിരുന്നു.എങ്കിലും ഇവയെല്ലാം ഇന്ന് നാശത്തിന്റെ വക്കിലാണ്.