thapas
പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെ യുദ്ധ സ്മാരകം വൃത്തിയാക്കുന്ന തപസ് അംഗങ്ങൾ

പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ കാടുപിടിച്ചു കിടന്ന യുദ്ധ സ്മാരകം വൃത്തിയാക്കി സൈനികരുടെ കൂട്ടായ്മയായ തപസ് (ടീം പത്തനംതിട്ട സോൾജിയേഴ്സ്). യുദ്ധ സ്മാരകം കാട് നിറഞ്ഞ് വൃത്തി ഹീനമായി കിടക്കുന്ന വാർത്ത കഴിഞ്ഞ ദിവസം കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത കണ്ടതോടെ തപസിന്റെ വിമുത ഭടൻന്മാരും നാട്ടിൽ അവധിയിലുള്ള സൈനികരും ചേർന്ന് യുദ്ധ സ്മാരകം വൃത്തിയാക്കുകയായിരുന്നു. നഗരസഭയ്ക്കാണ് വൃത്തിയാക്കേണ്ട ചുമതലയെങ്കിലും നഗരസഭയുടെ അനുമതി വാങ്ങി തപസാണ് സ്മാരകം വൃത്തിയാക്കിയിരുന്നത്. തപസ് പ്രസിഡന്റ് രാജ്‌മോഹൻ,കമ്മിറ്റി അംഗം ലിജു വെട്ടൂർ,അംബരീഷ് റാന്നി എന്നിവരുടെ നേതൃത്വത്തിൽ ഇരുപതോളം സൈനികരെത്തിയാണ് സ്മാരകം വൃത്തിയാക്കിയത്. 2010ൽനഗരസഭയുടെ നേതൃത്വത്തിൽ ജില്ലാ സ്റ്റേഡിയത്തിനോട് ചേർന്ന് പണിതതാണ് ഈ സ്മാരകം. അഞ്ച് സെന്റ് സ്ഥലത്തിൽ 25 ലക്ഷം രൂപയ്ക്കായിരുന്നു അന്ന് പണി പൂർത്തീകരിച്ചത്. സ്മാരകത്തിലേക്ക് കടക്കാനുള്ള തറയോടുകൾ പാകിയ പാതയൊഴികെ ബാക്കിയുള്ള സ്ഥലമെല്ലാം കാടുകയറിയ നിലയിലായിരുന്നു.