തിരുവല്ല: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ തിരുവല്ല വില്ലേജ് ഓഫീസും സ്മാർട്ടാകുന്നു. ദുരിതം നിറഞ്ഞ പഴയകെട്ടിടങ്ങളിൽ നിന്നും തിരുവല്ലയിലെ സ്വന്തം കെട്ടിടത്തിലേക്ക് വില്ലേജ് ഓഫീസ് മാറുന്നതിനായി പുതിയ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങി. 15വർഷംമുമ്പ് വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് പണിയുന്നത്. ആശുപത്രിപ്പടി - റവന്യൂ ടവർ റോഡിൽ പഴയ പ്രീമെട്രിക് ഹോസ്റ്റലിന്റെ എതിർവശത്താണ് സ്ഥലം. വർഷങ്ങളായി കാടുപിടിച്ചുകിടന്ന സ്ഥലം വെട്ടിത്തെളിച്ചാണ് കെട്ടിടത്തിന്റെ പണികൾ തുടങ്ങിയത്. 44 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം പണിയുന്നത്. കഴിഞ്ഞവർഷം ഫെബ്രുവരി 15ന് മുഖ്യമന്ത്രി ഓൺലൈനിൽ കെട്ടിടനിർമാണം ഉദ്ഘാടനം ചെയ്തെങ്കിലും പണികൾ തുടങ്ങിയിരുന്നില്ല. ഒരുവർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കാലപ്പഴക്കംമൂലം പഴയ കെട്ടിടത്തിൽനിന്ന് മാറിയ വില്ലേജ് ഓഫീസ് പിന്നീട് പത്തുവർഷത്തോളം നഗരസഭയുടെ പഴയ പ്രീമെട്രിക് ഹോസ്റ്റൽ കെട്ടിടത്തിലാണ് പ്രവർത്തിച്ചത്. ഈ കെട്ടിടവും ബലക്ഷയത്തിലായതോടെ റവന്യൂ ടവറിന്റെ മൂന്നാം നിലയിലെ പരിമിതമായ സൗകര്യത്തിലേക്ക് മാറി. മിക്കപ്പോഴും ലിഫ്റ്റ് പ്രവർത്തിക്കാത്ത ടവറിൽ വില്ലേജ് ഓഫീസ് ആവശ്യങ്ങൾക്ക് എത്തുന്ന അവശതകളുള്ളവർക്ക് മുകളിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുന്നത് പതിവാണ്. ഇതോടൊപ്പം 40 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി നിർമ്മാണോദ്ഘാടനം നടത്തിയ കടപ്ര, നിരണം വില്ലേജ് ഓഫിസ് കെട്ടിടങ്ങളുടെ നിർമ്മാണം നീണ്ടുപോകുകയാണ്.
പുതിയ കെട്ടിടം 15 വർഷംമുമ്പ് വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത്
- നിർമ്മാണച്ചെലവ് 44 ലക്ഷം രൂപ