ചെങ്ങന്നൂർ: വ്യത്യസ്ഥ ഇനം സ്രാവുകളെ ഒറ്റ നോട്ടത്തിൽ തിരിച്ചറിയുകയും അവയുടെ ശാസ്ത്രീയ നാമവും പ്രത്യേകതകളുമെല്ലാം ഞൊടിയിടയിൽ വിവരിച്ച് നിർമ്മൽ സുധീഷ് കെ.എസ് 12-ാം വയസിൽ വേൾഡ് റെക്കാഡിന് ഉടമയായി. ദുബായ് എലൈറ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നിർമ്മൽ സുധീഷ് കെ.എസ് ഇന്ത്യ ബുക്‌സ് ഒഫ് റെക്കാഡ്, ഏഷ്യബുക്ക് ഒഫ് റെക്കാഡ്‌സും 2021ൽ നേടിയിരുന്നു. 2022 ജൂൺ 29നാണ് സ്രാവുകളെ തിരിച്ചറിയുന്നതിൽ അസാമാന്യ പാടവം പ്രകടിപ്പിച്ച് വേൾഡ് റെക്കാഡിന് ഉടമയായത്. എതുതരം സ്രാവുകളെയും തിരിച്ചറിഞ്ഞ് ഇടതടവില്ലാതെ അവയുടെ പേര് വിവരങ്ങൾ, പ്രത്യേകതകൾ എല്ലാം പറയാൻ നിർമ്മലിനാകും. ചിത്രം കണ്ടാൽ അത് ഏതു വർഗത്തിൽപ്പെടുന്നവയാണ് എന്നതുൾപ്പെടെ എല്ലാം പറയും. ഇന്ന് അറിയപ്പെടുന്ന 440 തരം സ്രാവുകൾ ലോകത്തുണ്ട്. 12.65 മീറ്റർ നീളമുളള കൂറ്റൻ സ്രാവുമുതൽ 17 സെന്റീ മീറ്റർ നീളമുളള കുളളൻ സ്രാവുകൾ വരെ ഇതിൽപ്പെടും. സ്രാവുകൾ ആക്രമണകാരിയാണെന്നാണ് പറയുന്നതെങ്കിലും
മാംസഭോജികളായ സ്രാവുകളിൽ 30 ഇനം മാത്രമാണ് മനുഷ്യനെ ആക്രമിക്കുന്നത്. സസ്യഭുക്കുകളായ സ്രാവുകളും ഉണ്ട്. ഒരു മിനിറ്റ് 52 സെക്കൻഡിൽ നൂറിലധികം സ്രാവുകളെ തിരിച്ചറിഞ്ഞാണ് മൂന്ന് റെക്കാഡും നിർമ്മൽ നേടിയത്. മാന്നാർ കുരട്ടിക്കാട് കാക്കിരംചേത്ത് വടക്കേതിൽ സുധീഷ് കുമാറിന്റെയും ചെറിയനാട് ചിങ്ങാറ്റിൽ വിദ്യയുടെയും രണ്ടു മക്കളിൽ മുത്തമകനാണ് നിർമൽ. അനിയത്തി നവമി ഇതേ സ്‌കൂളിൽ രണ്ടാം ക്ലാസിൽ വിദ്യാർത്ഥിനിയാണ്.