ചെങ്ങന്നൂർ: ബി.ജെ.പി ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയിലെ ആഭ്യന്തര കലഹങ്ങൾ മൂലം പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് ആശ.വി നായർ പ്രസിഡന്റ് പദവിയും പഞ്ചായത്തംഗത്വവും പാർട്ടി അംഗത്വവും രാജിവച്ചതിന്റെ ഉത്തരവാദിത്വം സി.പി.എമ്മിന്റെയും മന്ത്രി സജി ചെറിയാന്റെയും പേരിൽ കെട്ടിവയ്ക്കുന്നതിനു പിന്നിൽ തരംതാണ രാഷ്ട്രീയ ലക്ഷ്യമാണെന്ന് എൽ.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി സി.പി.എം ചെങ്ങന്നൂർ, മാന്നാർ ഏരിയ കമ്മിറ്റികൾ സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു. ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ട വഴിവിട്ട ഇടപെടലുകൾക്ക് കൂട്ടുനിൽക്കാത്തതിനെ തുടർന്നാണ് നേതൃത്വം ആശയ്‌ക്കെതിരെ സമ്മർദ്ദവുമായി തിരിഞ്ഞത്.കൂടാതെ നേരിട്ടും വിവിധ മാദ്ധ്യമങ്ങളിലൂടെയും ആശയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരെ അപവാദ പ്രചരണം നടത്തുന്നതിൽ സഹികെട്ടാണ് പഞ്ചായത്തു പ്രസിഡന്റ് , അംഗം എന്നീ പദവിയിൽ നിന്നും പാർട്ടിയിൽ നിന്നും രാജി വച്ചതെന്ന് അവർതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാറിന്റെ സ്വന്തം തട്ടകമായ പാണ്ടനാട്ടിൽ ഏറ്റ തിരിച്ചടിയുടെ ജാള്യത മറയ്ക്കുന്നതിനായി മന്ത്രി സജി ചെറിയാൻ പഞ്ചായത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്ന ബാലിശമായ നിലപാടാണ് ബി.ജെ.പി സ്വീകരിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിലും ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെയും ഭരണത്തിലുണ്ടായിരുന്ന എല്ലാ പഞ്ചായത്തുകളും കൈവിട്ടു പോയതിന്റെ ജാള്യത മറയ്ക്കുവാനാണ് ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ബി.ജെ.പി ഇന്നയിക്കുന്നത്. ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും എൽ.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കൺവീനർ എം.എച്ച് റഷീദ്, സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.ശശികുമാർ, മാന്നാർ എരിയ സെക്രട്ടറി പി.ഡി ശശിധരൻ എന്നിവർ പറഞ്ഞു.