മല്ലപ്പള്ളി: ജലപ്രളയത്തെ തുടർന്ന് സമീപനപാത തകർന്ന വെണ്ണിക്കുളം കോമളത്ത് പുതിയ പാലത്തിനുള്ള ടെൻഡർ നടപടികൾ ഈ മാസം ആരംഭിക്കും.കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ മാത്യു ടി.തോമസ് എം.എൽ.എയാണ് ഇക്കാര്യം അറിയിച്ചത്. തകർന്ന പാലത്തിന്റെ സ്ഥാനത്ത് താൽക്കാലിക പാലം നിർമ്മിച്ചാൽ പുതിയ പാലത്തിന് ലാൻഡ് അക്വിസിഷൻ പ്രകാരം സ്ഥലംഏറ്റെടുക്കേണ്ടി വരും.ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലെ കാലതാമസവും സ്ഥലം ഏറ്റെടുക്കുന്നതിന് സർക്കാരിന് ഉണ്ടാകുന്ന കൂടുതൽ സാമ്പത്തിക ബാദ്ധ്യതയും ഇക്കാരണത്താൽ പുതിയ പാലത്തിന്റെ നിർമ്മാണ നടപടികളിൽ കാലതാമസത്തിന് കാരണമാകുമെന്നും നിലവിലുള്ള പാലം സ്ഥിതി ചെയ്യുന്നിടത്തു തന്നെ പുതിയത് നിർമ്മിക്കുവാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാകുന്നതായും എം.എൽ.എ അറിയിച്ചു. ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പഞ്ചായത്തിൽ രൂപീകരിച്ചിട്ടുള്ള റോഡ് സുരക്ഷാ കമ്മിറ്റി അടിയന്തരമായി വിളിച്ചു ചേർക്കുന്നതിനും തീരുമാനിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയപ്രതിനിധികൾ എന്നിവരെ കൂടി പങ്കെടുപ്പിച്ച് പ്രശ്നപരിഹാരം കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നും എം.എൽ.എ നിർദേശിച്ചു. താലൂക്ക് പരിധിയിലുള്ള വിവിധ റോഡുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നതായി പൊതുമരാമത്ത് , ജല അതോറിറ്റി അധികൃതർ അറിയിച്ചു. റോഡിന്റെ വശങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന തടികൾ വാഹനയാത്രക്കാർക്ക് ഭീഷണിയാവുന്നതിനാൽ ഒരാഴ്ചക്കുള്ളിൽ നീക്കണമെന്നും അല്ലാത്തപക്ഷം നടപടി എടുക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ മാത്യു ടി തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തഹസീൽദാർ ജോൺ വർഗീസ്, കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി സാം റാന്നി എം.എൽ.എയുടെ പ്രതിനിധി ഷെറി തോമസ്, വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.