govt-hospital
ചെങ്ങന്നൂർ ജില്ലാ ആശുപത്രി പ്രവർത്തിക്കുന്ന താൽക്കാലിക കെട്ടിടത്തിനു മുൻഭാഗത്ത് ചളളവെളളം നിറഞ്ഞപ്പോൾ

ചെങ്ങന്നൂർ: മഴകണ്ടാൽ ചെളിക്കുളമാകുന്ന ചെങ്ങന്നൂർ താൽക്കാലിക ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികൾ ദുരിതത്തിലായി. നിലവിൽ പ്രധാന ആശുപത്രിയുടെ നിർമ്മാണ പ്രവൃത്തികൾ നടത്തുന്നതിനാൽ ചെങ്ങന്നൂർ ബോയ്‌സ് ഹൈസ്‌കൂൾ കെട്ടിടത്തിലാണ് ഒരുവർഷത്തിലധികമായി ആശുപത്രി താത്ക്കാലികമായി പ്രവർത്തിക്കുന്നത്. മഴയിൽ ആശുപത്രിയുടെ മുൻവശവും പരിസരവും വെള്ളക്കെട്ടിലായി. കാഷ്യാലിറ്റിയുടെ പ്രവർത്തനം കൂടാതെ മെഡിക്കൽ വാർഡും പോസ്റ്റുമോർട്ടവും ഇവിടെ നടത്തുന്നുണ്ട്. വെള്ളം ഒഴുക്കി കളയാനുളള സൗകര്യവും നിലവിലില്ലാത്തതിനാൽ തെന്നി വീഴാൻ സാദ്ധ്യത ഏറെയാണ്. പ്രായമായവർ ഭീതിയോടെയാണ് വെളളക്കെട്ടിലൂടെ ആശുപത്രിയിലേക്ക് എത്തുന്നത്. ഹൃദയ സംബന്ധമായ ചികിത്സയും ആസ്മ ഉൾപ്പടെ ശ്വാസകോശ സംബന്ധമായ അസുഖത്തിനും ഡയാലിസിസ് ഉൾപ്പടെ വൃക്കരോഗികൾക്കും ഇവിടെ ചികിത്സ ഒരുക്കിയിട്ടില്ല. രോഗികളെ അടിയന്തര ചികിത്സക്കായി മാവേലിക്കരയിലേക്കോ, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്കോ റെഫർ ചെയ്യുകയാണ് പതിവ്.

കഴുത്തറപ്പൻ ബില്ല്

സ്‌പെഷ്യലിസ്റ്റ് ആശുപത്രികളുടെ പേരിൽ കഴുത്തറപ്പൽ ബില്ലാണ് സ്വകാര്യ ആശുപത്രികൾ പാവപ്പെട്ട രോഗികളിൽ നിന്നും ഈടാക്കുന്നത്. ഏതാനും മാസം മുൻപ് ഇത്തരത്തിൽ ചെങ്ങന്നൂരിന് സമീപമുളള ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് വാങ്ങിച്ച രോഗിക്ക് മോർച്ചറി ബില്ല് നൽകിയ സംഭവം വിവാദമായിരുന്നു. ഇതേ തുടർന്ന് ആശുപത്രി അധികൃതർ രോഗികളുടെ ബന്ധുക്കളുടെ കാലുപിടിച്ചാണ് സംഭവം ഒതുക്കിയത്. സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് എല്ലാവിഭാഗം രോഗികൾക്കും വേണ്ട ചികിത്സ ഒഴിവാക്കുകയും ആശുപത്രി പരിസരം അപകടകരമായിട്ടും ഒഴിവാക്കാനുളള നടപടി ബന്ധപ്പെട്ടവർ സ്വീകരിക്കാതിരിക്കുന്നതിന് പിന്നിലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

.........................

വെള്ളക്കെട്ട് ഒഴിവാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം. ആസ്മ, ഹൃദയസ്തംഭനം, വൃക്ക രോഗികൾക്കും ചികിത്സ ഒരുക്കണം.

കെ.ജി കർത്ത

(പ്രദേശവാസി)​

.....................................
ആശുപത്രിയുടെ മുന്നിലെ വെളളക്കെട്ട് രോഗികൾക്കും കൂടെ എത്തുന്നവർക്കും ദുരിതമാകുന്നുണ്ട്. വെളളക്കെട്ടിലൂടെ നടന്ന് ആശുപത്രിയെലുത്തന്നത് ആശുപത്രിക്കുളളിലും ചെളിനിറയുന്നതിന് കാരണമാകുന്നു. വിഷയം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ഉടൻ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

(ആശുപത്രി അധികൃതർ)​

-ദിവസവും ഒ.പിയിൽ മാത്രം 450 മുതൽ 600 രോഗികൾ

# ഹൃദയം, ശ്വാസകോശം, വൃക്ക എന്നി അവയവ ചികിത്സ നിറുത്തി
# സ്വകാര്യ ആശുപത്രികളെ സഹായിക്കാനെന്നും ആക്ഷേപം