ചെങ്ങന്നൂർ: മുൻ പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് ആശാ വി.നായർ കള്ളക്കണക്കുകൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുകകയാണ് ബി.ജെ.പി.പാണ്ടനാട് പഞ്ചായത്ത് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പ്രളയത്തിൽ തകർന്നടിഞ്ഞ പാണ്ടനാടിനെ രക്ഷിക്കുവാൻ ഒരു സഹായവും ചെയ്യാത്ത മന്ത്രിയും സർക്കാരും നടപ്പിലാക്കാത്ത കാര്യങ്ങൾ മുൻ പ്രസിഡന്റ് പ്രഖ്യാപിക്കുന്നത് സി.പി.എം ബന്ധത്തിന്റെ തെളിവാണ്. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ ഒരു പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സ്ഥലം ലഭിക്കാതെ വന്നപ്പോഴാണ് പാണ്ടനാട് പഞ്ചായത്ത് ബഡ്സ് സ്കൂളിനും ശ്മശാനത്തിനും സ്ഥലം നൽകിയത്. ലൈഫ് പദ്ധതിക്ക് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും. ഇല്ലിമല- മൂഴിക്കൽ തോടിന്റെ ആഴം കൂട്ടലുമായി ബന്ധപ്പെട്ടും അഴിമതി നടന്നിട്ടുണ്ടോയെന്നും സംശയിക്കുന്നതായി യോഗം അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം കമ്മിറ്റിയംഗം സുരേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. എം.വി. വിജയകുമാർ, ഷൈലജ രഘുറാം , പി.എസ്. വിജയമ്മ, ശ്രീകല ശിവനുണ്ണി, എൻ. ശ്യാം, സന്തോഷ്, ഉണ്ണികൃഷ്ണകർത്താ, ഷൈജു വെളിയത്ത് എന്നിവർ പ്രസംഗിച്ചു.