അടൂർ : നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായുള്ള നിർമ്മാണ ജോലികൾ വീണ്ടും ഇഴയുന്നു. ഒരുമാസത്തോളം നിർമ്മാണത്തിന് വേഗത കൈവന്നെങ്കിലും അത് വീണ്ടും പഴയപടിയിലായി. നെല്ലിമൂട്ടിലെ ബൈപാസ് ജംഗ്ഷൻ മുതൽ ഹോളിക്രോസ് ജംഗ്ഷൻ വരെ ടാർചെയ്തശേഷം റോഡിന്റെ ഇരുവശങ്ങളിലും ഇന്റർലോക്ക് നിരത്തുന്ന ജോലികളാണ് നടന്നുവരുന്നത്. പലസ്ഥലങ്ങളിലും ഇന്റർലോക്ക് കൂട്ടിയിട്ടിട്ടുണ്ട്. എന്നാൽ ഏതാനും ദിവസങ്ങളായി നിർമ്മാണം നടക്കുന്നില്ല. ഹോളിക്രോസ് ആശുപത്രി ജംഗ്ഷൻ മുതൽ ഫയർസ്റ്റേഷന് സമീപംവരെ ഒരുവശത്ത് മാത്രമാണ് ഇന്റർലോക്ക് കട്ട നിരത്തിയത്. ടാർ റോഡിനും ഇന്റർലോക്ക് കട്ടയ്ക്കും ഇടയിലുള്ള വിടവ് കോൺക്രീറ്റ് ഉപയോഗിച്ച് അടയ്ക്കേണ്ട ജോലിയും മുടങ്ങികിടക്കുകയാണ്. പൂട്ടകട്ട നിരത്തുന്നതിന് ചെലവേറെയന്ന കാരണം പറഞ്ഞ് കോൺക്രീറ്റ് ഇടുന്നതിനുള്ള നീക്കവും കരാറുകാരൻ നടത്തുന്നുണ്ട്. ഒരാഴ്ച കൊണ്ട് ഇന്റർലോക്ക് നിരത്തിത്തരാമെന്ന ഉറപ്പ് നൽകിയാണ് പാർത്ഥസാരഥി ക്ഷേത്രത്തിന്റെ കുളക്കരയിലെ ഒാട്ടോറിക്ഷക്കാരെ അവിടെനിന്നും താൽക്കാലികമായി ഒഴിപ്പിച്ചത്. നിലവിൽ തലങ്ങും വിലങ്ങും വാഹനങ്ങൾ ചീറിപ്പായുന്ന റോഡിന്റെ ഒാരത്താണ് ഒാട്ടോറിക്ഷക്കാർ യാത്രക്കാരെ പ്രതീക്ഷിച്ച് കിടക്കുന്നത്.രണ്ട്മാസത്തിലേറെയായിട്ടും ഇവിടെയും ഇന്റർലോക്ക് നിരത്തുന്നതിന് നടപടിയായില്ല. മെറ്റിൽ വിരിച്ച് പൂട്ടുകട്ടയും പാറപ്പൊടിയും കൊണ്ട് കൂനകൂട്ടിയിട്ട് രണ്ടാഴ്ചയിലേറെയായി. കരാറുകാരന്റെ മെല്ലപോക്ക് കാരണം ഇൗഭാഗത്തെ പണിയും അനിശ്ചിതമായി നീളുകയാണ്. ഇതോടെ യാതൊരു സുരക്ഷിതത്വവുമില്ലാതെ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡരുകിലാണ് നിലവിൽ ഒാട്ടോറിക്ഷകൾ ഇടുന്നത്. പൊതുവേ വീതി കുറവായ റോഡിൽ ഒാട്ടോറിക്ഷകൾ കൂടി നിരക്കുന്നതോടെ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടാണ്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ വഴിയരികിൽ പാർക്ക് ചെയ്തിരിക്കുന്ന ഒാട്ടോറിക്ഷകളിൽ തട്ടുമോ എന്ന ഭയപ്പാടിലാണ് ഒാട്ടോതൊഴിലാളികൾ. മതിയായ തൊഴിലാളികളെ ഉപയോഗിച്ച് സമയബന്ധിതമായി പണിപൂർത്തീകരിക്കുന്നതിൽ കരാറുകാരൻ കാട്ടുന്ന അനാസ്ഥകാരണം നഗരത്തിൽ സുരക്ഷിതമായി വാഹനങ്ങൾ പാർക്കുചെയ്യാനും കഴിയുന്നില്ലെന്ന ആരോപണം ശക്തമാണ്.
.......................
പാർത്ഥസാരഥി ക്ഷേത്രകുളക്കരയിലെ ഓട്ടോസ്റ്റാന്റ് പുനസ്ഥാപിക്കാൻ അടിയന്തരനടപടി സ്വീകരിക്കണം. നിർമ്മാണത്തിനാവശ്യമായ സാധനങ്ങൾ കൊണ്ടിട്ടിരിക്കുന്നതല്ലാതെ പണിപൂർത്തീകരിക്കാത്തത് പ്രതിഷേധാർഹമാണ്.
ഒാട്ടോറിക്ഷ തൊഴിലാളികൾ
പാർത്ഥസാരഥി ജംഗ്ഷൻ സ്റ്റാന്റ്.