road
നവീകരിച്ച ആഞ്ഞിലികുന്ന് മാർത്തോമാപള്ളിപ്പടി റോഡ് ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: വീതി കൂട്ടി നവീകരിച്ച ആഞ്ഞിലികുന്ന് മാർത്തോമാപള്ളിപ്പടി റോഡ് ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്. ഈസ്റ്റ്‌ മുക്ക്, കിഴക്കുപുറം, പേരങ്ങാട്ട് പടി മേഖലകളിലെ ജനങ്ങൾ ദിവസേന ആശ്രയിക്കുന്ന റോഡിന് ആവശ്യത്തിന് വീതിയില്ലാത്തത് ജനങ്ങളെ ഏറെ വലച്ചിരുന്നു.അട്ടച്ചാക്കൽ മാർത്തോമാ ദേവാലയത്തിലെത്തുന്നവർ പൂർണമായും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. കൂടാതെ കിഴക്കുപുറം എസ്.എൻ.ഡി.പി യോഗം കോളേജിലെ വിദ്യാർത്ഥികളും അട്ടച്ചാക്കൽ കോന്നി റോഡിൽ വെള്ളം കയറുമ്പോൾ പൊതുജനങ്ങളും സമാന്തര പാതയായി ഈ റോഡിനെയാണ് ഉപയോഗിക്കുന്നത്. പ്രദേശവാസിയായ ടി.വി അലക്സാണ്ടറും,മാർത്തോമാപള്ളി കമ്മിറ്റിയും വിട്ടുനൽകിയ ഭൂമി കൂടി ഏറ്റെടുത്താണ് റോഡ്‌ വീതി കൂട്ടിയത്. കോൺക്രീറ്റ്, ടാറിംഗ്, സംരക്ഷണ ഭിത്തികൾ,ഐറിഷ് ഓട എന്നിവ നവീകരണത്തിന്റെ ഭാഗമായി നിർമിച്ചു. മാർത്തോമാ പള്ളിപ്പടിയിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ അംഗം ജിജോമോഡി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗം തോമസ് കാലായിൽ,അജിത് എബ്രഹാം,വർക്കി സാമുവേൽ,കൃഷ്ണൻകുട്ടി, ടി.വി അലക്സാണ്ടർ,ബിൻസൺ ബി.ജോസഫ്, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.