
പ്രമാടം : മാനം കറുത്താൽ കോന്നി താലൂക്കിൽ വൈദ്യുതി മുടങ്ങും.
കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ മണിക്കൂറുകളോളമാണ് വൈദ്യുതി
മുടങ്ങുന്നത്. മണിക്കൂറുകൾ വൈകിയാണ് പല ദിവസങ്ങളിലും വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുന്നത്. പരാതിപ്പെടാൻ ഫോൺ വിളിച്ചാൽ വൈദ്യുതി വകുപ്പ് ഓഫീസുകളിൽ പലപ്പോഴും ലഭ്യമല്ലെന്നും നാട്ടുകാർ പറയുന്നു. വൈദ്യുതി മുടക്കം പതിവായതിനാൽ വ്യാപാര വ്യവസായ മേഖലയും പ്രതിസന്ധിയിലാണ്. വന്യജീവി ശല്യമുള്ള പ്രദേശമായതിനാൽ അന്തിമയങ്ങിയാൽ വീടിന് പുറത്തിറങ്ങാൻ പോലും ജനം ഭയക്കുകയാണ്. പ്രമാടം, കോന്നി, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട്, വള്ളിക്കോട്, ഏനാദിമംഗലം, കൂടൽ , കലഞ്ഞൂർ പഞ്ചായത്തുകളിലാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷം.
വ്യാപാര മേഖലയ്ക്ക് നഷ്ടം
കൊവിഡാനന്തരം കരകയറാൻ ശ്രമിക്കുന്ന വ്യാപാര, വ്യവസായ മേഖലയെയും വൈദ്യുതി തകരാർ പ്രതിസന്ധിയിലാക്കുന്നുണ്ട്. ആശുപത്രികൾ, മില്ലുകൾ, നീതി സ്റ്റോറുകൾ, ത്രിവേണി, സപ്ളൈകോ സൂപ്പർ മാർക്കറ്റുകൾ, സ്വകാര്യ സൂപ്പർ മാർക്കറ്റുകൾ, ഫോട്ടോസ്റ്റാറ്റ് കടകൾ, മൊബൈൽ ഷോപ്പുകൾ, ബേക്കറികൾ, ഹോട്ടലുകൾ എന്നിവയുടെയെല്ലാം പ്രവർത്തനം താറുമാറാകും.
മരങ്ങൾ കടപുഴകി വീണും ചില്ലകൾ തട്ടിയുമാണ് പ്രധാനമായും വൈദ്യുതി മടങ്ങുന്നത്. മലയോര മേഖലയായതിനാൽ തകരാർ സംഭവിച്ച സ്ഥലങ്ങളിൽ എത്താൻ വൈകും. എങ്കിലും എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാറുണ്ട്. കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ ജീവനക്കാരെ അധികമായി ഡ്യൂട്ടിക്ക് നിയോഗിച്ച് പരാതി രഹിതമായി പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കും.
കെ. എസ്.ഇ.ബി അധികൃതർ