നാരങ്ങാനം: കന്നുകാലികളുടെ വിസർജ്യം തോട്ടിലേക്ക് തള്ളുന്നതായി പരാതി. നാരങ്ങാനം കടമ്മനിട്ട ഇളപ്പുങ്കൽ തുണ്ടിയിൽ ഭാഗത്തുള്ള പൂതകര തുണ്ടിയിൽ താഴത്തേപടി തോട്ടിലേക്കാണ് സ്വകാര്യ വ്യക്തി കന്നുകാലികളുടെ ചാണകവും മൂത്രവും ഒഴുക്കിവിടുന്നത്. പത്തോളം പശുക്കളെ വളർത്തുന്നുണ്ടെങ്കിലും ചാണകവും മൂത്രവും സംഭരിക്കുന്നതിനോ, സംസ്‌കരിക്കുന്നതിനോ ഇവിടെ സൗകര്യമില്ല. ഇതു മുഴുവൻ സമീപത്തെ തോട്ടിലേക്ക് തള്ളുകയാണ്.പല ആവശ്യങ്ങൾക്കും ഈ തോട്ടിലെ വെളളം സമീപവാസികൾ ഉപയോഗിച്ചിരുന്നെങ്കിലും ഇപ്പോൾ തോട്ടിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. സമീപത്തെ കിണറുകളിലെ വെള്ളവും മലിനമായി തുടങ്ങിയതായി നാട്ടുകാർ പറയുന്നു. ദുർഗന്ധം കാരണം ഈ പ്രദേശത്തുകൂടി യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.
പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായില്ല.തോട്ടിലിറങ്ങുന്നവരുടെ കാലുകൾ ചൊറിയുന്നതായും ചെറിയ കുരുക്കൾ വരുന്നതായും പറയുന്നു.
പഞ്ചായത്തധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.