പഴകുളം : പള്ളിക്കൽ പഞ്ചായത്തിലെ പഴകുളം പാസ് ജംഗ്ഷനിൽ ടേക്ക് എ ബ്രേക്ക് പദ്ധതിക്കായി നിർമ്മിച്ച കെട്ടിടം കാടുകയറുന്നു. കനാൽ പുറമ്പോക്കായ 50 സെന്റ് സ്ഥലം സോഷ്യൽ ഫോറസ്ട്രി പാർക്കാണ്. സിമന്റിൽ കുറെ ഇരിപ്പിടങ്ങൾ നിർമ്മിച്ച്, ആദ്യഘട്ടത്തിൽ ഒൗഷധ സസ്യങ്ങളും നട്ട് പിടിപ്പിച്ച് സോഷ്യൽ ഫോറസ്ട്രി എന്നൊരു ബോർഡും വച്ചതല്ലാതെ ഒന്നും ചെയ്തില്ല. കാടുകയറി നശിച്ച് ഇഴജന്തുക്കളുടെ താവളമായി മാറിയ സാഹചര്യത്തിൽ മുൻ പഞ്ചായത്ത് ഭരണസമിതി ഈ സ്ഥലത്ത് ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് കെട്ടിടം നിർമ്മിക്കാൻ കെ.ഐ.പി അധികൃതരിൽ നിന്ന് അനുമതി വാങ്ങുകയായിരുന്നു. 15 ലക്ഷം രൂപ ചെലവിട്ട് മൂന്ന് ബാത്ത്റൂം, വിശ്രമമുറി, കഫറ്റേറിയയും അടങ്ങുന്ന കെട്ടിടം നിർമ്മിച്ചെങ്കിലും പദ്ധതി ഇതുവരെയും ജനത്തിന് പ്രയോജനപ്പെട്ടില്ല. വൈദ്യുതി, വാട്ടർ കണക്ഷൻ ലഭ്യമാക്കാൻ വസ്തുവിന്റെ ഉടമസ്ഥാവകാശം പഞ്ചായത്തിനില്ലാത്തത് തടസമായിമാറി. പഴകുളം ജംഗ്ഷൻ കേന്ദ്രീകരിച്ച് പൊതുജനങ്ങൾക്ക് ബസ് കാത്തിരിപ്പുകേന്ദ്രം പോലുമില്ല. ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ പ്രദേശമായിട്ടും കാട് വെട്ടി വൃത്തിയാക്കാൻ അധികൃതർ ശ്രമം നടത്തുന്നില്ല. ഇവിടെ ഇഴജന്തുക്കളുടെ ശല്യവുമേറെയാണ്.
ചെലവിട്ടത് : 15 ലക്ഷം
വസ്തു പഞ്ചായത്തിന് ഉപയോഗപ്പെടുത്താൻ കെ.ഐ.പി സ്വാഭാവിക അനുമതി നൽകി. വൈദ്യുതി കണക്ഷനും വാട്ടർ കണക്ഷനും ലഭ്യമാക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്.
പള്ളിക്കൽ പഞ്ചായത്ത് സെക്രട്ടറി