പത്തനംതിട്ട : അനുവദിച്ച ഭൂമി ഉണ്ടായിട്ടും അവഗണനയുടെ വക്കിൽ ആദിവാസി സമൂഹം. വടശേരിക്കര ഒളികല്ല് ആദിവാസി കോളനിയിൽ 2007 മെയിൽ സർവ്വേ നമ്പർ 126/2ൽ പെട്ട 25 ഏക്കറോളം ഭൂമി വിവിധ ജില്ലകളിൽ നിന്നുള്ള 14 കുടുംബത്തിന് വീതിച്ചു പട്ടയം നൽകിയിരുന്നു. ഓരോരുത്തർക്കും 62 സെന്റ് സ്ഥലവും അനുവദിച്ചിരുന്നു. അതിൽ രണ്ടു കുടുംബം മാത്രമാണ് 15 വർഷമായി ഈ ഭൂമിയിൽ താമസിച്ചുവരുന്നത്. പുത്തൻവീട്ടിൽ വിനീഷ്‌കുമാർ, താണപറമ്പിൽ കറമ്പൻ എന്നിവരാണ് ഇവിടെ താമസിക്കുന്നത്. പട്ടയം ലഭിച്ച മറ്റുള്ളവർ താമസിക്കാനെത്തിയില്ല.
കോളനിയിലെ ഭൂമിക്ക് വേണ്ടി പോരാടിയ പലരും ഇന്നും ഭൂമി കിട്ടാതെ കഴിയുകയാണ്. വീടില്ലാത്ത സ്ഥലം കാടുപിടിച്ച് അനാഥമായി കിടക്കുന്നു. നിരവധി ആദിവാസികളാണ് ഭൂമി ഇല്ലാതെ അലയുന്നത്. ഇവരെല്ലാം കാട്ടിൽ കുടിൽ കെട്ടിയും വാടക വീട്ടിലുമൊക്കെ കഴിയുകയാണ്. ആദിവാസി സമൂഹത്തിന് സംരക്ഷണം നൽകേണ്ടുന്ന ട്രൈബൽ വകുപ്പിന് ഒളികല്ലിൽ ഒരു കോളനിയുണ്ടോ എന്നുപോലും അറിയില്ല.
വനത്തിനോട് ചേർന്ന ഭൂമിയാണിത്. താമസിക്കാൻ എത്താത്തവരുടെ സ്ഥലത്തിന്റെ പട്ടയം റദ്ദാക്കി ഭൂമി ഇല്ലാത്ത ആദിവാസികൾക്ക് നൽകാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രധാന ആവശ്യം. ആദിവാസി കോളനിയുടെ വിഷയം ജില്ലാ കളക്ടറെ അറിയിച്ചു. ഒളികല്ല്, അടിച്ചിപ്പുഴ ആദിവാസി കോളനികളിൽ കളക്ടർ സന്ദർശനം നടത്തി കോളനി നിവാസികളുടെ വിഷയങ്ങളിൽ ഇടപെടണമെന്നും ആദിവാസി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് സന്തോഷ് മുള്ളുമല വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഭൂമി ഇല്ലാത്ത കുടുംബങ്ങളുടെ പട്ടിക കളക്ടർക്ക് നൽകിയിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകരായ വിനീഷ്, സുകുമാരൻ, സുനിൽ, വിശൻ, മിനി, സുനിത, ബിജു, സുരേന്ദ്രൻ, അമ്പിളി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പട്ടയം ലഭിച്ച പന്ത്രണ്ട് കുടുംബങ്ങൾ താമസത്തിന് എത്തിയില്ല
പട്ടയം ലഭിക്കാത്തവർ വാടക വീടുകളിലും വനത്തിലും കഴിയുന്നു
'' പട്ടയം ലഭിച്ചവർ താമസിക്കാനെത്തിയിട്ടില്ല. നിലവിലുള്ള സ്ഥിതി ട്രൈബൽ ഡയറക്ടറെ ധരിപ്പിച്ചിട്ടുണ്ട്.
ട്രൈബൽ ഒാഫീസർ.