park
മനയ്ക്കച്ചിറ കുട്ടികളുടെ പാർക്ക്

തിരുവല്ല: ആളും അനക്കവുമില്ലാതെ ഭൂതത്താന്മാരുടെ കോട്ടപോലെയായിരുന്ന മനയ്ക്കച്ചിറ കുട്ടികളുടെ പാർക്ക് നവീകരിച്ചു തുറന്നുകൊടുത്തു. കവിയൂർ പഞ്ചായത്തിലെ മനയ്ക്കച്ചിറ കുട്ടികളുടെ പാർക്ക് 2018ലെ പ്രളയക്കെടുതിയെ തുടർന്നാണ് പ്രവർത്തനം നിലച്ചത്. ഉല്ലാസപ്പാർക്കിലെ കുട്ടികളുടെ കളിക്കോപ്പുകളൊക്കെ തകരാറിലായി. ചെളികയറി ഉണങ്ങി പുല്ലുവളർന്ന് കരിയിലകൾ മൂടിയതോടെ പാർക്ക് കാടുപിടിച്ച നിലയിലായിരുന്നു. പാർക്കിനകത്ത് പ്രവേശനം അനുവദിക്കാൻ കഴിയാത്ത സാഹചര്യമായി. 2013ൽ ആരംഭിച്ച പാർക്കിൽ തുടക്കത്തിൽ കുടുംബസമേതം ആളുകൾ എത്തിയതോടെ പഞ്ചായത്തിനും വരുമാനമായിരുന്നു. ഇപ്പോൾ സ്വകാര്യ വ്യക്തികളുടെ സഹായത്തോടെയാണ് പാർക്ക് വീണ്ടും നവീകരിച്ചത്. പാർക്കിലെ വിശ്രമസ്ഥലങ്ങൾ വൃത്തിയാക്കി കളിക്കോപ്പുകളും അറ്റകുറ്റപ്പണികൾ ചെയ്തു പ്രവർത്തനസജ്ജമാക്കി.

പരിപാലനം കുടുംബശ്രീക്ക്
ടി.കെ. റോഡരുകിലെ മനയ്ക്കച്ചിറ പാർക്കിന്റെ നവീകരണം ഇനിമുതൽ പത്താം വാർഡിലെ കുടുംബശ്രീ ഏറ്റെടുത്ത് നടത്തും. പാർക്കിന്റെ വശത്തായി വഴിയോര വിശ്രമകേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ പുരുഷന്മാർക്കും സ്ത്രീകൾക്കും മൂന്ന് വീതവും ഭിന്നശേഷിക്കാർക്ക് ഒന്നും ഉൾപ്പെടെ ഏഴ് ശൗചാലയങ്ങൾ ഒരുക്കിയിട്ടുണ്ട്. കോഫിഷോപ്പ് അടക്കമുള്ള സംവിധാനവും ഒരുക്കും. കുട്ടികളുടെ പാർക്ക് പ്രവർത്തനത്തിനായി കുടുംബശ്രീക്ക് കൈമാറുന്നതിന്റെ ഉദ്ഘാടനം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ അദ്ധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനോദ് കെ.ആർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകുമാരി രാധാകൃഷ്ണൻ, ബ്ലോക്ക് മെമ്പർ ജോസഫ് ജോൺ, പഞ്ചായത്ത് അംഗങ്ങളായ പ്രവീൺ ഗോപി, സിന്ധു ആർ.സി.നായർ, രാജശ്രീ കെ.ആർ, അച്ചു.സി.എൻ,പഞ്ചായത്ത് സെക്രട്ടറി ജോസഫ് അലോഷ്യസ്, സി.ഡി.എസ്. ചെയർപേഴ്സൺ ശാന്തമ്മ ശശി,അംബിക കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

- പ്രവർത്തന സമയം രാവിലെ 8 മുതൽ വൈകിട്ട് 6 വരെ

കുട്ടികൾക്ക് 5 രൂപയും മുതിർന്നവർക്ക് 10 രൂപയും പ്രവേശന ഫീസ്