kuthiyathodu
പാണ്ടനാട് കുത്തിയതോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ജീർണ്ണിച്ചകെട്ടിടം പൂർണ്ണമായി പൊളിച്ചു മാനീക്കാത്ത നിലയിൽ

ചെങ്ങന്നൂർ: പഴയകെട്ടിടം പൊളിച്ചു, പുതിയത് പണിതതുമില്ല. പാണ്ടനാട് കുത്തിയതോട് ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ സ്ഥിതിയാണിത്. കെട്ടിടം ജീർണ്ണിച്ചതിനെ തുടർന്നാണ് പൊളിച്ചുമാറ്റി പുതിയത് പണിയാൻ പദ്ധതി ആരംഭിച്ചത്. ഇതിനായി മന്ത്രി സജി ചെറിയാന്റെ ആസ്തിവികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ അനുവദിച്ചു. 2021 ഫെബ്രുവരി 19ന് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനവും നടത്തി. പക്ഷേ തുടർ നടപടി ഉണ്ടായില്ല. പഴയ കെട്ടിടം പൊളിച്ചുമാറ്റിവേണം പുതിയത് നിർമ്മിക്കാൻ. എന്നാൽ പഴയ കെട്ടിടം പൂർണമായി പൊളിച്ചുനീക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ താത്കാലിക കടമുറിയിലാണ് ആരോഗ്യകേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇവിടെ സ്ഥലസൗകര്യമില്ല.

പാണ്ടനാട് പഞ്ചായത്തിലെ 1,2,3,4,12,13 വാർഡുകളിലുള്ളവർക്കു വേണ്ടിയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. അഞ്ചു കിലോമീറ്റർ അകലെയുള്ള പാണ്ടനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ. ബസ് സർവീസ് ഇല്ലാത്തതിനാൽ ടാക്സി വാഹനങ്ങളെ ആശ്രയിച്ച് വേണം ആരോഗ്യകേന്ദ്രത്തിലെത്താൻ. മാസത്തിലൊരിക്കൽ പ്രതിരോധ കുത്തിവയ്പ്പടക്കം ലഭ്യമായിരുന്ന കുത്തിയതോട് ഉപകേന്ദ്രത്തിന്റെ പ്രവർത്തനം പൂർണരീതിയിൽ ആരംഭിക്കാത്തത് മൂലം ജനം വലയുകയാണ്.

കെട്ടിടം പൂർണമായും പൊളിച്ചുമാറ്റുന്നതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് പാണ്ടനാട് പഞ്ചായത്ത് സെക്രട്ടറി പി.എം. ഷൈലജ പറഞ്ഞു.