bijumon
ബിജുമോൻ

പത്തനംതിട്ട: ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോയോളം കഞ്ചാവ് പിടികൂടി. വധശ്രമ കേസിലെ പ്രതിയുൾപ്പെടെ രണ്ടുപേർ പിടിയിൽ. കോട്ടയം മണിമല മൂക്കട ആലയം കവല പുളിക്കൽ വീട്ടിൽ ബിജുമോൻ (37), കോട്ടയം മണിമല ആലയം കവല കിഴക്കേ പുറത്തു കുടിയിൽ സാബു (50) എന്നിവരെയാണ് വെച്ചൂച്ചിറ പൊലീസും ഡാൻസാഫ് ടീമും അറസ്റ്റ് ചെയ്തത്. മൂന്ന് മൊബൈൽ ഫോണുകളും ഓട്ടോറിക്ഷയും പിടിച്ചെടുത്തു.

കൂത്താട്ടുകുളം ഭാഗത്തു നിന്ന് മടന്തമണ്ണിലേക്ക് പോകുകയായിരുന്ന ഇവരെ കാക്കാനാട്ടുപടിയിൽ വച്ച് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവന്ന് ജില്ലയിൽ വിപണനം നടത്തുന്നുണ്ടെന്ന രഹസ്യവിവരം ജില്ലാ പൊലീസ് മേധാവി ഡാൻസാഫ് സംഘത്തിന് നൽകിയതിനെ തുടർന്നാണ് പൊലീസ് നടപടി. രണ്ടുമാസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഇവർ കുടുങ്ങിയത്. ബിജുമോൻ കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരനാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഡാൻസാഫ് ടീം ജില്ലാ നോഡൽ ഓഫീസർ ജില്ലാ നർകോട്ടിക് സെൽ ഡിവൈ. എസ്.പി ആർ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. റാന്നി ഡിവൈ. എസ്. പി ജി.സന്തോഷ്‌കുമാർ, വെച്ചൂച്ചിറ ഇൻസ്‌പെക്ടർ ജർലിൻ വി. സ്‌കറിയ, എസ് ഐ സണ്ണിക്കുട്ടി, ഡാൻസാഫ് എസ്.ഐ അജി സാമുവൽ തുടങ്ങിയവരാണ് പരിശോധന നടത്തിയത്. കൂത്താട്ടുകുളം കാക്കാനാട്ടുപടിയിൽ വാഹനം കുറുക്കിട്ട് തടഞ്ഞാണ് ഓട്ടോ പിടികൂടിയത്. ഓട്ടോയുടെ പിന്നിലെ സീറ്റിനു പിറകിൽ കാബിനിൽ രണ്ട് പ്ലാസ്റ്റിക് പൊതികളാക്കി സഞ്ചിയിൽ സൂക്ഷിച്ചനിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.