തിരുവല്ല: വൈദ്യുതി കമ്പി പൊട്ടിവീണതിനെ തുടർന്ന് തിരുവല്ലയിൽ ഒരു മണിക്കൂറിലേറെ വൈദ്യുതി മുടങ്ങി. ഇന്നലെ വൈകിട്ട് ഏഴിനാണ് സംഭവം. നഗരത്തിലെ ചെയർമാൻസ് റോഡിലെ വൈദ്യുതി പോസ്റ്റിൽ തീപ്പൊരിയുണ്ടായി വൈദ്യുതി കമ്പി പൊട്ടിവീഴുകയായിരുന്നു. പൊട്ടിയ കമ്പി താഴെവീഴാതെ മുകളിൽ ഉടക്കി
നിന്നതിനാൽ ആളപായം ഉണ്ടായില്ല. സമീപവാസികൾ കെ.എസ്.ഇ.ബി അധികൃതരെ ഫോണിൽ വിളിച്ചെങ്കിലും കിട്ടാതിരുന്നതിനാൽ ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് നഗരത്തിലും സമീപ പ്രദേശങ്ങളിലും ഏറെനേരം വൈദ്യുതി നിലച്ചു. കെ.എസ്.ഇ.ബി. അധികൃതർ സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ നടത്തിയശേഷം രാത്രി വൈകിയാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്. സംഭവമറിഞ്ഞ് തിരുവല്ല പൊലീസും സ്ഥലത്തെത്തി.