മല്ലപ്പള്ളി: പട്ടയം സംബന്ധിച്ച റാന്നി എം.എൽ.എ.യുടെ സബ്‌മിഷന് ജൂൺ 28ന് റവന്യു മന്ത്രി നൽകിയ മറുപടി വസ്തുതാപരമല്ലെന്ന് പൊന്തൻപുഴ സമരസമിതി.ആലപ്ര, വലിയകാവ് വനങ്ങളുടെ ഉടമസ്ഥത സംബന്ധിച്ച് സുപ്രീം കോടതിയിൽ 2291/19 നമ്പറായി കേസ് നിലവിലുണ്ട്. ഈ കേസിൽ 2019 ജൂലൈ മാസം മൂന്നാം തീയതി സുപ്രീം കോടതി തൽസ്ഥിതി ഉത്തരവ്, അഥവാ സ്റ്റാറ്റസ്കോ പുറപ്പെടുവിച്ചിട്ടുണ്ട് അതിനാൽ, വനത്തിന്റെ ഇപ്പോഴത്തെ സ്ഥിതിക്ക് മാറ്റം വരുത്താനോ സർവേ നടത്താനോ കഴിയില്ലെന്നാണ് മന്ത്രി പറയുന്നത്. ഈ വിധി കേസിൽ ഉൾപ്പെട്ട ഭൂമിയെ മാത്രം ബാധിക്കുന്നതാണ്. കർഷകരുടെ ഭൂമി വനത്തിൽ ഉൾപ്പെട്ടതല്ലെന്നു വനം വകുപ്പ് സർവേ നടത്തി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് സുപ്രീം കോടതിവിധി കർഷകരെ ബാധിക്കുകയില്ല. നിലവിലുള്ള അതിർത്തി പരിശോധിക്കുന്നത് വനത്തിന്റെ സ്ഥിതിയെ ഒരുതരത്തിലും ബാധിക്കുന്നതല്ല. അതിർത്തി വനത്തിന്റേത് മാത്രമല്ല, കർഷകരുടെ ഭൂമിയുടെതുമാണ്. അതിർത്തി പരിശോധന വനത്തിന്റെ സ്ഥിതിയെ ബാധിക്കും എന്നത് യുക്തിയില്ലാത്ത വാദമാണ്. കർഷകരുടെ നീതി നിഷേധിക്കാൻ കാരണങ്ങൾ അന്വേഷിക്കുകയാണ് വനം റവന്യു വകുപ്പുകൾ. പെരുമ്പെട്ടിയുടെ പട്ടയവിഷയം പരിഹരിക്കാതെ പത്തനംതിട്ടയിലെ മറ്റുപട്ടയങ്ങൾ വിതരണം ചെയ്യാം എന്നത് വ്യാമോഹമാണ്. തെറ്റായ നടപടികളെ നിയമപരമായി ചോദ്യം ചെയ്യുമെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു.