
പത്തനംതിട്ട : ദിവസേനയുള്ള കണക്കുകൾ പുറത്ത് വരാതായതോടെ കൊവിഡ് കുറഞ്ഞെന്ന ധാരണയിലാണ് പലരും. പൊതുയിടങ്ങളിൽ പോലും ആവശ്യമായ മുൻകരുതലുകൾ ഇല്ലാതെയാണ് ഭൂരിഭാഗം പേരും എത്തുന്നത്. മാസ്ക് വീണ്ടും കർശനമാക്കിയെങ്കിലും ഉപയോഗിക്കുന്നവർ കുറവാണ്. നാല് ദിവസം കൊണ്ട് ജില്ലയിൽ 856 പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തു. പനി ബാധിതർ വർദ്ധിക്കുന്നതിനാൽ വൈറൽ പനിയാണെന്ന ധാരണയിലാണ് പലരും. കൊവിഡ് പരിശോധനയ്ക്ക് പോകാൻ പനിരോഗികൾ തയ്യാറാകുന്നില്ല. ജൂണിൽ മാത്രം 5141 പേർക്ക് കൊവിഡ് പോസിറ്റീവായി. മേയിൽ ഇത് 813 മാത്രമായിരുന്നു. ഈ മാസം ഇതുവരെ തൊള്ളായിരത്തിലധികം പേരിലേക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്.
വാക്‌സിനേഷനോടെ കൊവിഡിനോടുള്ള ഭീതി കുറഞ്ഞതും പ്രതിരോധ മാർഗങ്ങൾ ഉപയോഗിക്കുന്നതിലെ വിമുഖതയുമാണ് രോഗികളുടെ എണ്ണം കൂടാൻ കാരണം.
ജാഗ്രത വേണം
കൊവിഡ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ എല്ലാവരിലും ഒരേപോലെയാവില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. പ്രായമായവർക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും കൊവിഡ് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കാൻ സാദ്ധ്യതയുണ്ട്. സ്കൂളുകളടക്കം പ്രവർത്തിക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് കൊവിഡ് പിടിപെടാതിരിക്കാനും ശ്രദ്ധവേണം. വീട്ടിൽ പനിയുള്ളവർ മറ്റ് ആളുകളുമായി സമ്പർക്കം പുലർത്താതിരിക്കണം.
5 ദിവസം 688 പേർക്ക് വൈറൽപ്പനി
ഈ മാസം തുടങ്ങി അഞ്ച് ദിവസം മാത്രമായപ്പോൾ 688 പേർക്ക് വൈറൽ പനി സ്ഥിരീകരിച്ചു. ജൂണിൽ ആകെ 7508 പേർക്ക് വൈറൽപ്പനി ബാധിച്ചു. മേയിൽ ഇത് 3814 ആയിരുന്നു. മഴ ശക്തമായതോടെ പനി ബാധിക്കുന്നവരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. ഡെങ്കിപ്പനി മേയിൽ 15 ഉം ജൂണിൽ 16 പേർക്കും റിപ്പോർട്ട് ചെയ്തു. ഈ മാസം ഇതുവരെ ഒരാൾക്ക് മാത്രമേ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളു. മേയിൽ ഒരാൾക്കും ജൂണിൽ ഏഴുപേർക്കും എലിപ്പനി ബാധിച്ചിട്ടുണ്ട്. ഇടവിട്ട് പെയ്യുന്ന മഴയാണ് പനി വർദ്ധിക്കാൻ കാരണം.