മല്ലപ്പള്ളി : മല്ലപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വൈദ്യുതിമുടക്കം പതിവാകുന്നു. മല്ലപ്പള്ളി ടൗണിൽ വ്യാപാരികളും നാട്ടുകാരും ദിവസങ്ങളായി വൈദ്യുതി പ്രശ്നം മൂലം വലയുകയാണ്. കഴിഞ്ഞദിവസം മാർക്കറ്റ് ജംഗ്ഷന് സമീപം വൈദ്യുതി കമ്പിയിലേക്ക് മരത്തിന്റെ കൊമ്പ് അടർന്നു വീണത് മൂലം 24 മണിക്കൂറിനടുത്ത് തുടർച്ചയായി വൈദ്യുതി ലഭിച്ചില്ല. ഇന്നലെ രാവിലെ മാർക്കറ്റ് ജംഗ്ഷനിലെ ട്രാൻസ്ഫോമറിൽ നിന്നും സ്ഫോടനസമാന ശബ്ദം കേട്ടിരുന്നതായി വ്യാപാരികൾ പറയുന്നു. ഇതിനുശേഷം മണിക്കൂറുകളോളം വോൾട്ടേജ് ഇല്ലായിരുന്നു. ബേക്കറികളിലെയും കോൾഡ് സ്റ്റോറേജുകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും പാല് ഉൾപ്പെടെയുള്ള സാധനങ്ങൾ നശിക്കുകയും കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കേട് ആകുന്നതും പതിവായി. അധികൃതർ പത്തുവരെ നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.