കടമ്പനാട്: മണ്ണടി - ആലുംമൂട്ടിൽ വളവിലെ നിരന്തര അപകടങ്ങൾ ചൂണ്ടിക്കാട്ടി ലോകായുക്തക്ക് പരാതി. പ്രദേശവാസിയും മുൻപഞ്ചായത്തംഗവുമായ മണ്ണടി പുഷ്പാകരനാണ് പരാതി നൽകിയത്. പൊതു മരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സ്ക്യൂട്ടീവ് എൻജിനീയർ, ഏനാത്ത് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് പരാതി. കടനാട് - മണ്ണടി - ഏഴംകുളം മിനി ഹൈവേയിൽ മണ്ണടി ആലുംമൂട്ടിൽ വളവിൽ നിരന്തരം ഉണ്ടാകുന്ന അപകടങ്ങളുടേയും മരണങ്ങളുടേയും ഗൗരവകരമായ സ്ഥിതിവിശേഷം സർക്കാർ തലത്തിൽ നിരവധി പരാതി നൽകിയിട്ടും യാതൊരു നടപടിയും ഇല്ലാത്തതിനാലാണ് ലോകായുക്തക്ക് പരാതി നൽകിയതെന്ന് മണ്ണടി പുഷ്പാകരൻ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്ന് മരണങ്ങളും നിരവധി അപകടങ്ങളും ഈ വളവിൽ ഉണ്ടായിട്ടുണ്ട്. ഏറ്റവും അവസാനമായി അപകടത്തിൽ മരണപ്പെട്ടത് 2021 ജൂൺ 18ന് വെളുപ്പിനെ കൊല്ലം ജില്ലയിലെ ഐവർകാലാ സ്വദേശിയായ നഫുറദീൻ (42) ആണ്. അതിനു ശേഷവും നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. പൊതു മരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ അപകട സ്ഥലം നേരിൽ സന്ദർശിച്ച് നടപടിയെടുക്കാമെന്ന് നാട്ടുകാരോട് ഉറപ്പ് നൽകിയെങ്കിലും ഒന്നും നടന്നില്ല. പൊതുമരാമത്തു മന്ത്രിയുടെ ഓൺലൈൻ ആപ്പിലും പരാതി സമർപ്പിച്ചിട്ടും ഫലമുണ്ടായില്ല.