ചെങ്ങന്നൂർ: സംരക്ഷിത വനമേഖലയ്ക്ക് ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല നിർബന്ധമാക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നും കാലാവസ്ഥ വ്യതിയാനത്തിന്റെയും മഹാപ്രളയങ്ങളുടെയും കെടുതികൾ അനുഭവിച്ച് വരുന്ന സംസ്ഥാനത്തിന് ഇത് ഒഴിച്ച് കൂടാൻ ആവാത്തതാണെന്നും അഖിലകേരള വിശ്വകർമ്മ മഹാസഭ ഡയറക്ടർ ബോർഡ് അഭിപ്രായപ്പെട്ടു. പ്രകൃതിയെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ ഇടതു സർക്കാർ വനം കൊള്ളക്കാരുടെയും കൈയേറ്റക്കാരുടെയും മുന്നിൽ മുട്ടു മടക്കരുതെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.ആർ. ദേവദാസ് പറഞ്ഞു. ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിന്റെ അന്തസത്ത ഉൾകൊണ്ട് രാജ്യത്തിന്റെ വിശാല താത്പ്പര്യം സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ.പി.ആർ. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. വാമദേവൻ, ട്രഷറർ വി.രാജപ്പൻ, വി.എ.അപ്‌സലൻ, അഡ്വ.വി.എൻ. ശശിധരൻ, കെ.ടി.ബാബു,പി.കെ.തമ്പി, മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് ബിന്ദു വിക്രമൻ, ജനറൽ സെക്രട്ടറി അജന്ത ജയപ്രകാശ്, യുവജന സംഘം സംസ്ഥാന പ്രസിഡന്റ് ഇ.എസ്, നിധീഷ്, ജനറൽ സെക്രട്ടറി എസ്. ശ്രീജിത്ത്, കെ.ടി.എ.യുസംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സുരേഷ് (കൊട്ടാരക്കര), ജനറൽ സെക്രട്ടറി ജി.സത്യൻ എന്നിവർ പ്രസംഗിച്ചു.