
പന്തളം: തെരുവുനായകളുടെ താവളമാകുകയാണ് പന്തളവും പരിസരവും. മിക്ക ദിവസങ്ങളിലും ആളുകൾക്ക് കടി ഏൽക്കാറുണ്ട്. കോഴി, താറാവ്, കന്നുകാലികൾ എന്നിവയുടെ നേരെയും ആക്രമണമുണ്ടാകുന്നു. എം.സി റോഡിൽ ഉൾപ്പെടെ നായ കുറുകെ ചാടി ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപെടുന്നതും പതിവാണ്. മത്സ്യസ്റ്റാളുകളിലെയും കോഴിക്കടകളിൽ നിന്നുമുള്ള അവശിഷ്ടങ്ങളും രാത്രിയിൽ പാതയോരങ്ങളിലും മറ്റും തള്ളുന്നത് ആഹാരമാക്കിയാണ് നായകൾ വിഹരിക്കുന്നത്. ജംഗ്ഷന് സമീപമുള്ള പന്തളം കുറുംതോട്ടയം ചന്തയുടെ പരിസരത്ത് നായ ശല്യം രൂക്ഷമാണ്. പന്തളം നഗരസഭാ രണ്ടാംവാർഡിലെ സ്‌കൂൾ പരിസരവും തെരുവുനായകൾ കൈയടക്കി. 20ൽ അധികം നായകൾ സ്‌കൂൾ വളപ്പിലുണ്ട്. കൊച്ചുകുട്ടികൾ ഭയത്തോടെയാണ് സ്‌കൂളിൽ വരുന്നത്. രക്ഷിതാക്കളും ഭയാശങ്കയിലാണ്. കഴിഞ്ഞ ദിവസം ഒരു കുട്ടിയെ നായ കടിക്കാനായി ഓടിച്ചു. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപെട്ടത്. സ്‌കൂൾ അങ്കണത്തിൽ നിന്ന് നായ്കളെ അകറ്റുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് വാർഡു കൗൺസിലർ കെ.ആർ.വിജയകുമാർ ആവശ്യപ്പെട്ടു.