പ്രമാടം: : കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെ തുടർന്ന് അച്ചൻകോവിലാറിന്റെ തീരദേശ വാസികൾ ആശങ്കയിൽ. ആറ്റിലെ ജലനിരപ്പ് ഉയർന്നും താഴ്ന്നും നിൽക്കുകയാണ്. . കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിലാണ് ശക്തമായ മഴ പെയ്തത്. പകൽ സമയം ഭാഗികമായി വെയിലും ഉണ്ടാകും. ഇതാണ് ജലനിരപ്പ് ഉയർന്നും താഴ്ന്നും നിൽക്കാൻ കാരണം. രാത്രിയിൽ മഴ ശക്തമായി പെയ്യുന്നതാണ് കൂടുതൽ ആശങ്കകൾക്ക് ഇടയാക്കുന്നത്. വനമേഖലയിൽ ഉരുൾപൊട്ടലിന് സാദ്ധ്യതയുണ്ടെന്ന് ദുരന്ത നിരവണ അതോറിറ്റി അധികൃതർ സൂചന നൽകിയതോടെ നദീതീരങ്ങളിൽ താമസിക്കുന്നവരുടെ ഭീതിയേറി. രണ്ട് മാസം മുമ്പ് ഒറ്റ ദിവസം പെയ്ത തോരാമഴയിൽ ആറ് കരകവിഞ്ഞിരുന്നു.
കഴിഞ്ഞ ആറുമാസത്തിനിടെ നാല് തവണയാണ് അച്ചൻകോവിലാറ്റിൽ വെള്ളപ്പൊക്കമുണ്ടായത്. ഇതേത്തുടർന്ന് ആറിന്റെ ആഴം വർദ്ധിപ്പിക്കുന്ന ജോലികൾ ചിലയിടങ്ങളിൽ നടക്കുന്നതിനാൽ മൺപുറ്റുകൾ രൂപം കൊണ്ടിട്ടുള്ള പ്രദേശങ്ങളിലേക്കാണ് വെള്ളം കൂടുതലായി എത്തുന്നത്. പലയിടങ്ങളിലും തീരം ഇടിഞ്ഞിട്ടുണ്ട്. കലക്കവെള്ളത്തിനൊപ്പം ചെറിയ മരക്കഷണങ്ങളും മറ്റും ഇടയ്ക്ക് ഒഴുകിയെത്തുന്നുണ്ട്.
അച്ചൻകോവിലാറ്റിലെ ജലനിരപ്പ് മുൻകൂട്ടി അറിയാൻ വനംവകുപ്പും അരുവാപ്പുലം
ഗ്രാമപഞ്ചായത്തും റിവർ സ്കെയിൽ സ്ഥാപിച്ചിരിക്കുന്നതാണ് ഏക ആശ്വാസം. വെള്ളത്തിന്റെ ഏറ്റക്കുറച്ചിൽ, സ്കെയിൽ പരിശോധിച്ചാൽ മനസിലാക്കാൻ കഴിയും. എന്നാൽ രാത്രിയിൽ പെയ്യുന്ന തോരാമഴയിൽ അപ്രതീക്ഷിതമായി ആറ് കരകവിഞ്ഞാൽ എന്തുചെയ്യുമെന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്.മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാകാനുളള സാദ്ധ്യത നിലനിൽക്കുന്നതിനാൽ രാത്രി യാത്രകൾക്ക് പലയിടങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. താലൂക്കിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.