
പത്തനംതിട്ട : പരിചരണം കിട്ടാതെ ഗർഭിണിയായ യുവതിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടു.
മുല്ലപ്പുഴശേരി കുഴിക്കാല കുറുന്താർ സ്വദേശിനി അനിതയുടെ മരണത്തെ ക്കുറിച്ച് അന്വേഷിക്കാനാണ് കമ്മിഷൻ ഉത്തരവിട്ടത്. ഭാര്യയ്ക്ക് ചികിത്സാ പരിചരണം നൽകാത്ത ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചികിത്സയും പരിചരണവും ലഭിക്കാതെ കുഞ്ഞു മരിച്ചു. മരിച്ച കുഞ്ഞ് രണ്ടു മാസത്തോളം വയറ്റിൽ കിടന്നുണ്ടായ അണുബാധയിൽ അനിതയും മരിച്ചു. ഗർഭിണിയായിരുന്ന അനിതയെ ഭർത്താവ് നിരന്തരം പീഡിപ്പിച്ചതായും പരാതിയുണ്ട്. അനിതയ്ക്ക് സ്ത്രീധനമായി നൽകിയ സ്വർണ്ണവും മറ്റും ഭർത്താവ് ജ്യോതിഷ് വിറ്റതായും പരാതിയുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.