
പത്തനംതിട്ട : അന്നദാതാക്കളായ കർഷകരെ അവകാശ പോരാട്ടങ്ങളുടെ പേരിൽ തെരുവിലിറക്കുന്നത് അവരോടുള്ള വഞ്ചനയാണെന്ന് ഓർത്തഡോക്‌സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത. ബഫർ സോൺ, പരിസ്ഥിതിലോല മേഖല വിഷയങ്ങളിൽ മലയോര ജനതയുടെ ആശങ്കകൾക്കു പരിഹാരം തേടി ഓർത്തഡോക്‌സ് സഭ തുമ്പമൺ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ടറേറ്റ് പടിക്കൽ നടത്തിയ ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിക്കു ദോഷംവരുത്തുന്ന ഒരു നടപടിയും കർഷകർ ഇന്നേവരെ ചെയ്തിട്ടില്ല. സ്വന്തം കൃഷിയിടത്തിൽ നട്ടുവളർത്തിയ മരംപോലും മുറിച്ചുനീക്കാൻ അവകാശമില്ലാത്തവരായി അവരെ തളച്ചിടുകയായിരുന്നു. ഇനി അവരുടെ മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും കുടിയൊഴിപ്പിക്കാനും നടത്തുന്ന ഏതു നീക്കങ്ങളും ചെറുക്കപ്പെടേണ്ടതാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.
മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അലക്‌സിയോസ് മാർ യൗസേബിയോസ് മുഖ്യ പ്രഭാഷണം നടത്തി.
കിഫ ലീഗൽസെൽ ഡയറക്ടർ ജോണി കെ.ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഭദ്രാസന സെക്രട്ടറി ഫാ.ടൈറ്റസ് ജോർജ്, സമരസമിതി കൺവീനർ ഫാ.പി.വൈ.ജസൻ, വി.ഇ.മാത്യൂസ് കോർ എപ്പിസ്‌കോപ്പ, ഫാ.എബി ടി. സാമുവേൽ, ഫാ.പി.ജി.മാത്യൂസ്, പി.കെ.തോമസ് എന്നിവർ പ്രസംഗിച്ചു.
മലയോര മേഖലയിലെ ആയിരക്കണക്കിന് വിശ്വാസികൾ പ്ലക്കാർഡുകളുമേന്തി മാർച്ചിൽ പങ്കെടുത്തു.