1
മല്ലപ്പള്ളി സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾ പടിയിൽ പഴയ ഇന്റെർലോക്ക് കട്ട മാറ്റുന്ന നിർമ്മാണ ജോലികൾ തുടങ്ങിവേ മഴയെ തുടർന്ന് ചെളിക്കുഴിയായ ചെറുകോൽപ്പുഴ പൂവനക്കടവ് റോഡ്

മല്ലപ്പള്ളി : ചെറുകോൽപ്പുഴ - പൂവനക്കടവ് റോഡിൽ സി.എം എസ് ഹയർസെക്കൻഡറി സ്കൂൾപ്പടിയിൽ ഇളകിയ ഇന്റെർലോക്ക് കട്ടകൾ മാറ്റി പുതിയ കട്ടകൾ നിരത്തുന്നതിനുള്ള നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. അഞ്ച് വർഷം മുമ്പ് റോഡ് ഉന്നത നിലവാരത്തിൽ ആക്കിയെങ്കിലും ഇളകിയ ഇന്റെർലോക്ക് കട്ടകൾ നീക്കിയിരുന്നില്ല.പലയിടത്തും കട്ടകൾ തകർന്ന് കുഴികൾ രൂപപ്പെട്ടിരുന്നു. ഭാരം കയറ്റിയ വാഹനങ്ങൾ അടക്കം ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്നതിനാൽ തകർച്ചയും രൂക്ഷമായിരുന്നു. പൊതുമരാമത്തിന്റെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചെങ്കിലും തോരാതെ പെയ്യുന്ന മഴ നിർമ്മാണ പ്രവർത്തികളുടെ പൂർത്തീകരണത്തിന് തടസമാവും ഇതുമൂലം വിദ്യാർത്ഥികൾ ചെളിയിൽ കുളിച്ച് സ്കൂളിൽ എത്തേണ്ട സ്ഥിതിയുമാണ്. നിർമ്മാണ പ്രവർത്തികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനോടൊപ്പം ടാറിംഗിലെ കേടുപാടുകൾ നന്നാക്കണമെന്ന് ആവശ്യം ശക്തമാണ്.