റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയും മണ്ണാറകുളഞ്ഞി -ഇലവുങ്കൽ ശബരിമല പാതയും ഒന്നിക്കുന്ന മണ്ണാറകുളഞ്ഞി ജംഗ്ഷനിൽ വാഹനങ്ങൾ റോഡിന്റെ ഗതിയറിയാതെ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. സംസ്ഥാന പാത ടാറിംഗ് പൂർത്തിയായതോടെ നിരവധി വാഹനങ്ങളുടെ വരവും വർദ്ധിച്ചിട്ടുണ്ട്.എന്നാൽ പലർക്കും ഇവിടെ ഒളിഞ്ഞിരിക്കുന്ന അപകടക്കെണി അറിയുന്നില്ല. ശബരിമല തീർത്ഥാടനത്തിന് മുമ്പ് ഇരുവശത്തും സിഗ്നൽ സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിൽ മുൻകാലങ്ങളിലെ പോലെ ഇവിടെ നിരവധി തീർത്ഥാടന വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാദ്ധ്യത ഏറെയാണ്. കോന്നി- മുതൽ പുനലൂർ വരെയുള്ള റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ സംസ്ഥാന പാതയിൽ വാഹനങ്ങളുടെ ഒഴുക്കിൽ വലിയ തോതിൽ വർദ്ധനവുണ്ടാവും.ഈ വാഹനങ്ങൾക്ക് ഒപ്പം തീർത്ഥാടന വാഹനങ്ങളുടെ എത്തുമ്പോൾ അപകട സാദ്ധ്യത ഇരട്ടിയാകും. ഉന്നത നിലവാരത്തിൽ പണികൾ പൂർത്തിയായ റോഡിലൂടെ സ്പീഡിൽ വരുന്ന വാഹനം പൊടുന്നനെ മണ്ണാറക്കുളഞ്ഞി ഇലവുങ്കൽ പാതയിലേക്ക് തിരിയുമ്പോൾ എതിർ ദിശയിൽ നിന്നും വരുന്ന വാഹനങ്ങൾക്കും ഒപ്പം പുറകെ വരുന്ന വാഹനങ്ങളും കൂട്ടിയിടിക്കാൻ സാദ്ധ്യത ഏറെയാണ്.ഈ ഭാഗങ്ങളിൽ സ്പീഡ് നിയന്ത്രിച്ചു വാഹനങ്ങൾ കൃത്യമായി കടന്നു പോകാൻ തക്കവണ്ണം സജ്ജീകരണങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണ്. പലരും അപകടങ്ങളിൽ നിന്നും രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്.
................
നിരവധി ആളുകൾ സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പടെ ചിത്രങ്ങൾ സഹിതം റോഡിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടുന്നുണ്ട്. അപകടങ്ങളിൽ നിന്നും രക്ഷപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.കൃത്യമായ പ്ലാനിംഗ് ഇല്ലാതെയാണ് സംസ്ഥാന പാത വികസനം നടന്നിരിക്കുന്നത്. ഫ്ലൈ ഓവറായിരുന്നു ഇവിടെ വേണ്ടിയിരുന്നത്.
സജു തോട്ടുങ്കൽ
(സ്ഥിരം യാത്രക്കാരൻ)