1
കെ.പി റോഡിൽ 10 മാസം മുൻപ് ഇറക്കിയെ പെെപ്പുകൾ

പള്ളിക്കൽ : പള്ളിക്കലിലേക്കുള്ള കുടിവെള്ള വിതരണം പുനസ്ഥാപിക്കാൻ പൈപ്പിടീൽ പകുതിവഴിയിൽ നിറുത്തി. അഞ്ചുവർഷമായി പഴകുളം മുതൽ ആലുംമൂട് പള്ളിക്കൽ ഭാഗത്തേക്ക് കുടിവെള്ള വിതരണം മുടങ്ങിയിട്ട്. റോഡ് നിർമ്മാണം കാരണം പൈപ്പുപൊട്ടിയതാണ് കുടിവെള്ള വിതരണം മുടങ്ങാൻ കാരണം. ആനയടി - കൂടൽ റോഡിൽ വെള്ളച്ചിറ മുതൽ പള്ളിക്കൽ പഞ്ചായത്ത് ഓഫീസിന് വടക്ക് ഭാഗം വരെ ജർമ്മൻ ടെക്നോളജിയിലാണ് ടാഗിംഗ് . ഈ ഭാഗം ടാറിംഗ് നടത്തിയതിന് ശേഷം റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിടാൻ പാതുമരാമത്ത് വകുപ്പ് അനുമതി നൽകിയില്ലെന്നാണ് വാട്ടർ അതോറിറ്റിയുടെ നിലപാട്. ആനയടി കൂടൽ റോഡിൽ പഴകുളം മുതൽ പള്ളിക്കലിലേക്ക് റോഡിന്റെ രണ്ട് സൈഡും പൈപ്പ്‌ലൈൻ സ്ഥാപിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചത്. പഴകുളം മുതൽ ആലുംമൂടിന് പടിഞ്ഞാറ് ജർമ്മൻ ടെക്നോളജി പ്രകാരം ടാറിംഗ് തീരുന്ന സ്ഥലത്ത് വരെ റോഡിന്റെ ഒരു ഭാഗം പൈപ്പിട്ടു നിറുത്തി. മറുവശത്ത് പൈപ്പിടീൽ ഉണ്ടോ ഇല്ലയോ എന്ന് ഇപ്പോൾ വ്യക്തതയില്ല. ഇവിടെ വരെ പൈപ്പിട്ടു നിറുത്തിയാൽ പള്ളിക്കൽ ഭാഗത്തേക്ക് കുടിവെള്ളമെത്തിക്കാൻ കഴിയില്ല. പഴകുളം വരെ ടാറിംഗ് ഇപ്പോൾ പൂർത്തിയായ സ്ഥിതിക്ക് പൈപ്പിടീൽ പുനരാരംഭിച്ചില്ലങ്കിൽ അടുത്ത വേനലിലും പള്ളിക്കലിൽ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ കഴിയില്ല. അടൂരിൽ നിന്നാണ് പഴകുളം പള്ളിക്കൽ ഭാഗത്തേക്ക് വാട്ടർ അതോറിറ്റി കുടിവെള്ളമെത്തിക്കുന്നത്.

കുടിവെള്ള ക്ഷാമം രൂക്ഷം

കെ.പി.റോഡിൽ എന്നും പൈപ്പ് പൊട്ടൽ പതിവാണ്. ഇവിടെ റോഡിന്റെ തെക്ക് ഭാഗത്ത് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാൻ പൈപ്പ് റോഡരുകിൽ ഇറക്കിയിട്ട് ഒൻപത് മാസമായിട്ടും സ്ഥാപിക്കാൻ നടപടിയായില്ല. പള്ളിക്കലിലേക്ക് കുടിവെള്ളമെത്തിക്കാൻ മദ്ധ്യഭാഗത്ത് മാത്രമാണ് പൈപ്പ് ലൈൻ ഉള്ളത്. ഇളംപള്ളിൽ, പള്ളിക്കൽ, തോട്ടുവാ, ചെറു കുന്നം, കൈതക്കൽ എന്നിവിടങ്ങളിലെല്ലാം രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളാണ്. റോഡ് നിർമ്മാണം പൂർത്തിയായ സാഹചര്യത്തിൽ പൈപ്പിടിൽ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.