road
സെൻട്രൽ ജംഗ്ഷനിൽ ടി.കെ റോഡിൽ നിന്ന് പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കുള്ള റോഡിലെ കുഴി

പത്തനംതിട്ട : സെൻട്രൽ ജംഗ്ഷനിൽ സ്വകാര്യബസ് സ്റ്റാൻഡിലേക്ക് കയറുന്ന റോഡിന് നടുവിൽ കുഴി ദുരിതമാകുന്നു. ടി.കെ റോഡിൽ നിന്ന് പഴയ ബസ് സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗത്തെ കുഴിയാണ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്നത്. ഇവിടെ വലിയ മെറ്റലുകൾ നിരന്ന് കിടക്കുകയാണ്. ഓടകൾക്ക് സമീപമാണ് ഈ കുഴിയുണ്ടായിരിക്കുന്നത്. വാട്ടർ അതോറിട്ടിയുടെ പണി നടക്കുന്നതിനാൽ നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം തന്നെ ഇത്തരത്തിൽ കുഴി രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലം കൂടി ആയാൽ ഇവിടെ കുഴിയിൽ നിറയെ വെള്ളം കയറി കുഴികാണാൻ പോലും കഴിയാത്ത സ്ഥിതിയാണ്. വലിയ കുഴിയും ചരലും മെറ്റലും നിറഞ്ഞിരിക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ പലതും ഇവിടെ കുഴിയിൽ വീണ് അപകടമുണ്ടാകാറുണ്ട്. ബസുകളടക്കമുള്ള വലിയ വാഹനങ്ങൾ കടന്ന് പോകുന്ന വഴിയാണിത്. ടി.കെ റോഡിൽ നിന്നെത്തുന്ന എല്ലാ സ്വകാര്യ ബസുകളും ഇതുവഴി കയറിയാണ് പുതിയ സ്റ്റാൻഡിലേക്ക് എത്തുന്നത്. വാഹനങ്ങൾ പോകുമ്പോൾ ചെളി തെറിച്ച് ഇതിന് സമീപമുള്ള കടകൾക്കും ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. മാസങ്ങൾക്ക് മുമ്പാണ് ഇവിടെ റോഡ് കോൺക്രീറ്റ് ചെയ്തത്.