തിരുവല്ല: തോടാണെന്ന് പോലും പറയാനാകാത്ത വിധം അരീത്തോട്ടിൽ മണ്ണും മാലിന്യങ്ങളും പോളയും അടിഞ്ഞുകൂടി. നാശത്തിന്റെ പാതയിലേക്ക് നീങ്ങുന്ന നിരണം അരീത്തോടിന്റെ ശാപമോക്ഷം ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. പത്തനംതിട്ട - ആലപ്പുഴ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളായ നിരണം, തലവടി പഞ്ചായത്തുകളിലൂടെ ഒഴുകുന്ന തോടാണ് നാശത്തിന്റെ പാതയിലേക്ക് നീങ്ങുന്നത്. പമ്പയാറിന്റെ കൈവഴിയായ പുത്തനാറ്റിലെ ചക്കുളം കടവിൽ നിന്നും ആരംഭിച്ച് പാണ്ടങ്കേരി ആറ്റിൽ എത്തിച്ചേരുന്ന നാല് കിലോമീറ്റർ ദൂരവും റവന്യൂ രേഖ പ്രകാരം 120 മീറ്ററോളം വീതിയുമുണ്ടായിരുന്ന തോടാണിത്. എന്നാലിന്ന് കൈയേറ്റങ്ങൾ മൂലം തോടിന്റെ വീതി വെറും 30 - 40 മീറ്റർ മാത്രമായി ചുരുങ്ങി. 30വർഷം മുമ്പ് വരെ ബോട്ട് സർവീസ് ഉൾപ്പെടെ നടന്നിരുന്ന തോടാണിത്. കരിമ്പും നാളികേരവും മറ്റ് കാർഷിക വിളകളുമായി ആലപ്പുഴയിലക്കടക്കം നിരവധി കെട്ടു വള്ളങ്ങളും കടന്നു പോയിരുന്നു. എന്നാൽ മണ്ണും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടി നീരൊഴുക്ക് നിലച്ചതോടെ അവയെല്ലാം പൂർണ്ണമായി നിലച്ചു. നിരണം പഞ്ചായത്തിലെ നെൽപ്പാടങ്ങളിലേക്ക് കൃഷിക്കാവശ്യമായ വെള്ളം എത്തിക്കുന്നതിനും ഈ തോടിനെയാണ് ആശ്രയിക്കുന്നത്. നിരണം, കടപ്ര പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കോട്ടച്ചാലും കോലറയാറും എത്തിച്ചേരുന്നതും അരീത്തോട്ടിലേക്കാണ്. കോലറയാർ നവീകരണത്തിന് പദ്ധതി തയാറാക്കി നടപ്പാക്കിയ അധികൃതർ അരീത്തോടിനെ അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
നാട്ടുകാരുടെ ആവശ്യം
അരീത്തോടിന്റെ ആഴം കൂട്ടി ഇരു കരകളിലും സംരക്ഷണ ഭിത്തി നിർമ്മിച്ച് തോടിനെ സംരക്ഷിക്കുവാൻ സർക്കാർ തലത്തിൽ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
തിരുവോണത്തിന് ജലോത്സവം
അരീത്തോടിനെ സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായി തിരുവോണ ദിവസമായ സെപ്റ്റംബർ എട്ടിന് ചെറുവള്ളങ്ങളേയും വെപ്പ് - ഓടി വള്ളങ്ങളെയും പങ്കെടുപ്പിച്ച് അരീത്തോട്ടിൽ ജലോത്സവം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. ഇതു സംബന്ധിച്ച പ്രഥമ യോഗവും രണ്ടാഴ്ച മുമ്പ് നടത്തിയിരുന്നു. അരീത്തോടിന്റെ പുനരുജ്ജീവനം സാദ്ധ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.