manoj-kumar
വൈസ് പ്രസിഡന്റ് മനോജ് കുമാർ

ചെങ്ങന്നൂർ: അവിശ്വാസത്തിലൂടെ വൈസ് പ്രസിഡന്റിനെയും തുടർന്നു പ്രസിഡന്റിന്റെ രാജിയിലൂടെ ബി.ജെ.പി.ക്കു ഭരണവും നഷ്ടമായ പാണ്ടനാട് പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിന് ലഭിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കും, എൽ.ഡി.എഫിനും അഞ്ചു വോട്ടുകൾ വീതം ലഭിച്ചു. തുടർന്ന് നറുക്കെടുപ്പിലൂടെ പാണ്ടനാട് പഞ്ചായത്ത് ഒന്നാം വാർഡംഗമായ സി.പി.എമ്മിന്റെ മനോജ്കുമാർ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മുൻ വൈസ് പ്രസിഡന്റ് ടി.സി.സുരേന്ദ്രൻ നായർ തന്നെയായിരുന്നു ബി.ജെ.പി.യുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും കോൺഗ്രസിന്റെ രണ്ടംഗങ്ങളും ഡി.സി.സി. നിർദേശപ്രകാരം വിട്ടുനിന്നു. ബി.ജെ.പി.ഭരിച്ചിരുന്ന പഞ്ചായത്തിൽ 13 അംഗ ഭരണസമിതിയിൽ ബി.ജെ.പി 6, എൽ.ഡി.എഫ് 5, കോൺഗ്രസ് 2 എന്നിങ്ങനെയായിരുന്നു കക്ഷിനില. ആദ്യം സി.പി.എം., ബി.ജെ.പിയുടെ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ നായർക്കെതിരേ അവിശ്വാസം കൊണ്ടു വന്നു. കോൺഗ്രസ് കൂടി പിന്തുണച്ചതോടെ അവിശ്വാസം പാസായി. പിന്നീട് ബി.ജെ.പി. നേതൃത്വത്തിനെ രൂക്ഷമായി വിമർശിച്ച് പ്രസിഡന്റ് ആശാ വി.നായർ രാജിവച്ചു. ബി.ജെ.പി. അംഗത്വവും, മെമ്പർ സ്ഥാനവും ഒപ്പം രാജിവച്ചു. ഇതോടെയാണ് കക്ഷിനില 5-5-2 എന്ന നിലയിലായത്. പ്രസിഡന്റിന്റെ രാജിയോടെ തന്നെ ബി.ജെ.പി.ക്ക് ഭരണം നഷ്ടമായ പാണ്ടനാട് പഞ്ചായത്ത് പിടിച്ചെടുക്കാൻ സി.പി.എം. ലക്ഷ്യമിട്ടിരുന്നു.