ചെങ്ങന്നൂർ: പാണ്ടനാട് പഞ്ചായത്തിൽ പ്രസിന്റിന്റെ രാജിയെ തുടർന്ന് ഈ മാസം 11ന് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടത്തും. നിലവിലെ സാഹചര്യത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും കോൺഗ്രസ് വിട്ടു നിൽക്കാനാണ് സാദ്ധ്യത. അതോടെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു സമാനമായി അഞ്ചു വീതം വോട്ടുകൾ ബി.ജെ.പി.ക്കും, എൽ.ഡി.എഫിനും ലഭിക്കും. ഇവിടെയും ഭാഗ്യത്തിൽ പ്രതീക്ഷയർപ്പിക്കാനെ ഇരു മുന്നണികൾക്കും കഴിയൂ. ഭാഗ്യം ആർക്കൊപ്പം നിന്നാലും മുൻ പ്രസിഡന്റ് രാജിവച്ച ഏഴാം വാർഡിൽ നടത്തേണ്ട ഉപതിരഞ്ഞെടുപ്പും പഞ്ചായത്ത് ഭരണത്തിൽ വീണ്ടും നിർണായകമാകും. ബി.ജെ.പിക്കും, സി.പി.എമ്മിനും ശക്തമായ സ്വാധീനമുള്ള വാർഡാണിത്. നിലവിൽ സമൂഹ മാദ്ധ്യമങ്ങളിലടക്കം മുൻ പ്രസിഡന്റ് ആശാ വി.നായരെ ഇടതുപാളയത്തിലേക്കു സ്വാഗതം ചെയ്തു കൊണ്ടുള്ള വാർത്തകൾ നിറഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പ് വരുന്ന പക്ഷം ആശയെ തന്നെ വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നിറുത്തി എൽ.ഡി.എഫ്. പിന്തുണയ്ക്കാൻ സാദ്ധ്യതയുണ്ട്. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാറിന്റെ പഞ്ചായത്ത് കൂടിയാണ് പാണ്ടനാട്.