തിരുവല്ല: ഫുട്ബാൾ കളിക്കാൻ അഭിരുചിയുള്ളവർക്ക് ജില്ലാ ഫുട്ബാൾ അസോസിയേഷൻ അവസരം ഒരുക്കുന്നു. ജില്ലാ ഫുട്ബാൾ അസോസിയേഷനിൽ അഫിലിയേറ്റു ചെയ്തിട്ടുള്ള ക്ലബുകളിൽ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ഫുട്ബാൾ കളിക്കാർക്കാണ് അവസരം. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ നിർദ്ദേശമനുസരിച്ച് രജിസ്റ്റർചെയ്ത കളിക്കാരെ മാത്രമേ അംഗീകൃത ഫുട്ബാൾ മത്സരങ്ങളിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളു. 10 വയസിനുമേലുള്ള എല്ലാ കളിക്കാർക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്. കേരളാ ഫുട്ബാൾ അസോസിയേഷൻ നടത്തുന്ന കുട്ടികൾക്കായുള്ള അക്കാദമി ലീഗ് ഉൾപ്പെടെ വിവിധ പ്രായപരിധിയിലുള്ള മത്സരങ്ങളിലും ജില്ലാ ടീമിലേക്കുള്ള സെലക്ഷനുകളിലും പങ്കെടുക്കുന്നതിന് ഇപ്രകാരമുള്ള രജിസ്ട്രേഷൻ ഈവർഷം മുതൽ നിർബന്ധമാണ്. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ നിച്ഛയിച്ചിട്ടുള്ള രജിസ്ട്രേഷൻ ഫീസ്, ജി.എസ്.ടി.നിരക്ക്, ഡി.ഡി.ചാർജ്ജ്, ഓൺലൈൻ രജിസ്ട്രേഷൻ ചാർജ്ജ് എന്നിവ ഉൾപ്പെടെ 300രൂപ ഓരോ കളിക്കാരനും നൽകേണ്ടതാണ്. മുനിസിപ്പൽ/ പഞ്ചായത്ത്/ കോർപറേഷൻ ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർകാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുടെ ഒറിജിനൽ രജിസ്ട്രേഷൻ സമയത്ത് ഹാജരാക്കണം. 18വയസിൽ താഴെയുള്ള കളിക്കാരുടെ കോൺട്രാക്ട് ഫോം മാതാപിതാക്കളിൽ ഒരാൾ നിർബന്ധമായും ഒപ്പിടണം. രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ള കളിക്കാർ 9ന് രാവിലെ 8ന് ബന്ധപ്പെട്ട രേഖകളുമായി തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ എത്തിച്ചേരണമെന്ന് ജില്ലാ ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. ഫോൺ: 9947028815, 9447410101.