veedu

ചെങ്ങന്നൂർ : കൊഴുവല്ലൂരിലെ തെങ്ങുംതറയിൽ വീടിന് സമീപം ഇന്നലെ വൈകിട്ട് വാഹനങ്ങളുടെ നീണ്ടനിരയോ വീട്ടിൽ ആളുകളുടെ തിരക്കോ ഉണ്ടായില്ല. വീട്ടിലേക്കെത്തുമ്പോൾ ഗേറ്റിന് പുറത്ത് മൂന്നു പൊലീസുകാർ കാവലുണ്ട്. പ്രധാന വാതിലടക്കം അടഞ്ഞ് കിടക്കുന്നു. ഒരാൾ പോലും അവിടെയില്ല. കഴിഞ്ഞ ദിവസം വരെ ഇതല്ലായിരുന്നു സ്ഥിതി. രാജിവച്ച മന്ത്രി സജി ചെറിയാന്റെ വീടാണ് ഇന്നലെ ആളും ആരവവുമൊഴിഞ്ഞുനിന്നത്. വീട്ടിൽ അമ്മ ശോശാമ്മയും ഭാര്യ ക്രിസ്റ്റീനയും മകൾ ഡോ.നിത്യയുമുണ്ടായിരുന്നു. മൂന്നുപേരും മന്ത്രിയുടെ രാജി പ്രഖ്യാപനം ടി.വിയിൽ കാണുകയാണ്.

ഇടയ്ക്ക് എപ്പോഴോ ഏറ്റവും മുൻപിലിരുന്ന അമ്മയുടെ കണ്ണിൽ നിന്ന് ഒരിറ്റു കണ്ണീർ കണ്ടു. ആരും ശ്രദ്ധിക്കുന്നതിനു മുൻപേ വേഗം പുതച്ചിരുന്ന തോർത്തുകൊണ്ടു ഒപ്പി. പിന്നെയും ടി.വിയിൽ തന്നെ ശ്രദ്ധിച്ചു. ഭാര്യ ഇടയ്ക്ക് പുറത്തേക്കു നോക്കി. അപ്പോൾ അവിടെ ഉണ്ടായിരുന്ന മാദ്ധ്യമപ്രവർത്തകരെ നോക്കി ഒന്നുചിരിച്ചു. രാജിയെപ്പറ്റി ചോദിച്ചപ്പോൾ ഒന്നും പറയാനില്ലെന്നു മറുപടി. അപ്പോഴേക്കും തിമിർത്തു പെയ്ത മഴ മാറി. ദിവസേന നൂറിലധികം പേർ എത്തിയിരുന്ന സജി ചെറിയാന്റെ വീട് മഴയ്ക്കു ശേഷവും വളരെ ശാന്തമാണ്.