പത്തനംതിട്ട: സജി ചെറിയാന്റെ മല്ലപ്പള്ളിയിലെ പ്രസംഗം നടന്നത് ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ്. പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് ചൊവ്വാഴ്ച രാവിലെയും. സി.പി.എം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയംഗം കെ.പി രാധാകൃഷ്ണൻ ഫേസ്ബുക്ക് പേജിൽ നടത്തിയിരുന്ന പ്രതിവാര രാഷ്ട്രീയ നിരീക്ഷണത്തിന്റെ നൂറാം എപ്പിസോഡിന്റെ അനുമോദന പരിപാടിയിലായിരുന്നു പ്രസംഗം. പരിപാടി മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നില്ല. ഏരിയ കമ്മിറ്റിയുടെ ഫേസ് ബുക്ക് പേജിലിട്ട പ്രസംഗത്തിലെ അപകടകരമായ പരാമർശങ്ങൾ മാദ്ധ്യമങ്ങൾക്ക് ചൂണ്ടിക്കൊടുത്തത് മല്ലപ്പള്ളിയിലെ ചില നേതാക്കളാണെന്ന് പാർട്ടിക്കുള്ളിൽ സംസാരമുണ്ട്.

കഴിഞ്ഞ പാർട്ടി സമ്മേളനങ്ങൾക്ക് മുൻപ് മല്ലപ്പള്ളി ഏരിയ കമ്മിറ്റിയിൽ വിഭാഗീയത രൂക്ഷമായിരുന്നു.

പ്രാദേശിക വിഷയങ്ങളിൽ ഏരിയ നേതാക്കൾ ചേരിതിരിഞ്ഞിരുന്നു. സമ്മേളനത്തിൽ ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിനും നീക്കമുണ്ടായിരുന്നു. ഇപ്പോഴത്തെ സെക്രട്ടറി ബിനു വർഗീസിനെതിരെ മത്സരിക്കാനിരുന്നയാളെ ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റി പാർട്ടി മത്സരത്തിന് തടയിടുകയായിരുന്നു. നിലവിലെ കമ്മിറ്റിയോട് അതൃപ്തിയുള്ള നേതാക്കൾ ഞായറാഴ്ച നടന്ന പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. പ്രസംഗം ഫേസ്ബുക്ക് പേജിൽ കണ്ട ഇവരാണ് വീഡിയോ പുറത്തേക്ക് എത്തിച്ചതെന്ന് പാർട്ടിയിലെ മറുവിഭാഗം പറയുന്നുണ്ട്. സജി ചെറിയാൻ പ്രസംഗിക്കുന്ന ദൃശ്യം വിവാദമായതിനെ തുടർന്ന് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തിരുന്നു.

ഇന്നലെ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പങ്കെടുത്ത ഏരിയ കമ്മിറ്റി യോഗത്തിൽ മന്ത്രിയുടെ പ്രസംഗവും വിവാദവും ചർച്ചയ്ക്കെടുത്തില്ല. വിഷയം സംസ്ഥാന സമിതിയുടെ പരിഗണനയിലാണെന്നാണ് ജില്ലാ നേതാക്കൾ പറഞ്ഞത്.