അടൂർ : അംഗപരിമിതർക്ക് കുറഞ്ഞ ചെലവിൽ യാത്രാസൗകര്യം ഒരുക്കുന്നതിനായി സോളാർ ഇലക്ട്രിക് സ്കൂട്ടറുമായി എൻജിനിയറിംഗ് വിദ്യാർത്ഥികൾ. അടൂർ എസ്.എൻ.ഐ.ടിയിലെ മെക്കാനിൽ, ഒാട്ടോമൊബൈൽ വിദ്യാർത്ഥികളായ അക്ഷയ് ശിവദാസ്, മിന്നു വാമദേവൻ, അമൽ ഒാമനക്കുട്ടൻ, അനൂപ് ആർ.പിള്ള എന്നിവർ ചേർന്നാണ് സോളാർ ഇലക്ട്രിക് സ്കൂട്ടർ വികസിപ്പിച്ചെടുത്തത്. ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ചാണ് സ്കൂട്ടറിന്റെ സഞ്ചാരം. ഫ്ളെക്സിബിൾ സോളാർ പാനൽ സംവിധാനത്തിലൂടെ സ്കൂട്ടറിന്റെ ബാറ്ററി സൗരോർജത്താൽ ചാർജ്ജ് ചെയ്യാനാകും. പ്രശസ്തമായ കമ്പനികളുടെ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് 1.70 ലക്ഷത്തോളം രൂപ വിലവരും. എന്നാൽ വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത സ്കൂട്ടറിന് 55,000 മുതൽ ഒരു ലക്ഷം രൂപവരെ മാത്രമേ വിവിധ വേരിയന്റുകൾക്ക് ചെലവ് വരൂ. ഒാടിക്കൊണ്ടിരിക്കുമ്പോൾ സോളാർ പാനലിന്റെ സഹായത്താൽ ബാറ്ററി ചാർജ്ജ് ചെയ്യപ്പെടുമെന്നതിനാൽ ഇതുവഴി വാഹനത്തിന്റെ പരിപാലനച്ചെലവ് വലിയ രീതിയിൽ കുറയ്ക്കാൻ കഴിയും. അംഗപരിമിതർക്കുവേണ്ടി വാഹനം റിവേഴ്സിൽ സഞ്ചരിക്കാനുള്ള സൗകര്യവുമുണ്ട്. മറ്റൊരാളുടെ സഹായം കൂടാതെ കയറ്റമാണെങ്കിലും ഇറക്കമാണെങ്കിലും വാഹനം സ്വയംതിരിച്ചുകൊണ്ടുപോകുന്നതിനും ഇൗ സംവിധാനം സഹായിക്കും. വികസിപ്പിച്ചെടുത്ത സ്കൂട്ടർ പ്രോജക്ട് ഐ.ഐ.ടി ജോധ്പൂർ നടത്തുന്ന ഇന്റർനാഷണൽ കോൺഫറൻസ് ഒാൺ റീസെന്റ് അഡ്വാൻസസ് ഇൻ മെക്കാനിക്കൽ എൻജിനീയറിംഗ് ഇൻ 2022ലേക്ക് സമർപ്പിച്ചു. ഇവിടെ പദ്ധതി അംഗീകരിച്ചാൽ വ്യവസായികാടിസ്ഥാനത്തിൽ സോളാർ ഇലക്ട്രിക് സ്കൂട്ടർ നിർമ്മിച്ച് വിപണനം നടത്താനാകും. എസ്.എൻ. എെ.ടി മെക്കാനിക്കൽ, ഒാട്ടോമൊബൈൽ ഡിപ്പാർട്ട്മെന്റ് മേധാവി ശരത് രാജ്, പ്രോജക്ട് കോ-ഒാർഡിനേറ്റർ എസ്.അഖിൽഗോഷ്, പ്രോജക്ട് ഗൈഡ് ജൂബിത്ത് ബാനർജി എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ വാഹനം വികസിപ്പിച്ചെടുത്തത്.