
പത്തനംതിട്ട: മഴയെത്തിയതോടെ ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളുടെയടക്കം നിർമ്മാണം ഏറെക്കുറെ തടസപ്പെട്ട അവസ്ഥയാണ്. കിഫ്ബി പദ്ധതി, കെ.എസ്.ടി.പി , പി.ഡബ്യൂ.ഡി , നഗരസഭ, പഞ്ചായത്ത് പരിധിയിലുള്ള റോഡുകൾ എന്നിവയുടെയെല്ലാം നിർമ്മാണം പ്രതിസന്ധിയിലാണ്. ശബരിമലപാതകളും ഇക്കൂട്ടത്തിൽപ്പെടും.
കിഫ്ബി പദ്ധതിയായ ആനയടി - കൂടൽ റോഡിന്റെ ടാറിംഗ് മഴകാരണം നിറുത്തിവച്ചിരിക്കുകയാണ്. അടൂർ ടൗൺ പരിധിയിലെ റോഡിൽ ഇന്റർലോക്ക് പാകി വശങ്ങൾ കോൺക്രീറ്റ് ചെയ്യുന്നതിനുള്ള പണികൾക്കും മഴ തടസമായിട്ടുണ്ട്. റോഡുകളിലെ സുരക്ഷാ അടയാളങ്ങൾ വരച്ച് പൂർത്തീകരിക്കാനും കഴിഞ്ഞിട്ടില്ല. കെ.എസ്.ടി.പി ചുമതലയുള്ള പുനലൂർ-മൂവാറ്റുപുഴ പാതയും സമാനമായ ബുദ്ധിമുട്ട് നേരിടുകയാണ്. റീബിൽഡ് കേരളാ പദ്ധതിയിലുൾപ്പെടുത്തി നിർമ്മിക്കുന്ന കരിമ്പനാക്കുഴി , തൈക്കാവ് സ്കൂൾ, ഡോക്ടേഴ്സ് ലെയിൻ എന്നീ റോഡുകളും അവയിലെ ഓട നിർമ്മാണവും മഴയായതിനാൽ പണി ആരംഭിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലാണ്. റോഡ് നിർമ്മാണത്തിനായുള്ള നിർമ്മാണ സാമഗ്രികൾ ഇറക്കിയതിന് ശേഷമാണ് ജില്ലയിൽ മഴ ശക്തമായതെന്ന് അധികൃതർ പറയുന്നു.
നിറയെ കുഴി
ജില്ലയിലെ റോഡുകളിൽ ഭൂരിഭാഗവും തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. മെയിന്റനൻസ് ജോലികളടക്കം പി.ഡബ്യൂ.ഡി ചെയ്ത് വരികയായിരുന്നു. മഴ പെയ്തതോടെ തകർന്ന റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് അപകടാവസ്ഥ വർദ്ധിച്ചിരിക്കുകയാണ്. മഴ ശക്തമായതിനാൽ ടാറിംഗ് ജോലികൾ ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ പറയുന്നു. മഴയിൽ ടാർ ഒലിച്ച് പോകുകയും നിലവിലുള്ളതിനേക്കാൾ വലിയ ബുദ്ധിമുട്ടിലാകുകയും ചെയ്യും. കോടികൾ മുതൽമുടക്കിയുള്ള പദ്ധതികളാണേറെയും ജില്ലയിൽ നടപ്പാക്കുന്നത്. സ്കൂൾ തുറന്നതിനാൽ റോഡ് പണി വേഗത്തിലാക്കുന്നതിനിടെയാണ് മഴയെത്തിയത്. മഴയ്ക്ക് മുമ്പേ നിർമ്മാണം പൂർത്തീകരിക്കാൻ ശ്രമിച്ചെങ്കിലും ഭൂരിഭാഗം റോഡുകളുടേയും പണി പാതിയിൽ നിലച്ചിരിക്കുകയാണ്. ജില്ലയിൽ നിലവിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
മഴ കാരണം റോഡ് നിർമ്മാണം നിലച്ചിട്ടില്ല. പക്ഷേ തടസം നേരിട്ടിട്ടുണ്ട്. മഴയുള്ളപ്പോൾ ടാറിംഗ് നടത്തിയാൽ ഒലിച്ചുപോകും. കോൺക്രീറ്റും ഇടാൻ കഴിയില്ല.
പി.ഡബ്യൂ.ഡി അധികൃതർ