പന്തളം: ശബരിമലയിൽ അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടായ 'ഹരിവരാസന'ത്തിന്റെ ആഗോള ശതാബ്ദി ആഘോഷങ്ങൾ ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തിൽ 29ന് പന്തളത്ത് നടക്കും. സ്വാഗതസംഘം ഞായറാഴ്ച രൂപീകരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വൈകിട്ടു 4ന് പന്തളം നാനക് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സ്വാഗതസംഘ രൂപീകരണയോഗം സമാജം പ്രസിഡന്റ് കുഴിക്കാട്ടില്ലത്ത് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ അദ്ധ്യക്ഷതയിൽ സിനിമാതാരം ഉണ്ണി മുകുന്ദൻ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ശാന്താനന്ദാശ്ര മഠാധിപതി സ്വാമിനി ജ്ഞാനാഭനിഷ്ഠ ദീപപ്രോജ്വലനവും അനുഗ്രഹപ്രഭാഷണവും നടത്തും. കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ്മ അനുഗ്രഹപ്രഭാഷണവും ശതാബ്ദി ആഘോഷ സമിതി ജനറൽ കൺവീനർ സ്വാമി അയ്യപ്പദാസ് ആമുഖഭാഷണവും ആർ.എസ്.എസ് മുൻ അഖിലഭാരത കാര്യകാരി സദസ്യൻ എസ്. സേതുമാധവൻ മുഖ്യഭാഷണവും ആഘോഷ സമിതി ജനറൽ കൺവീനർ ഈറോഡ് എൻ. രാജൻ സ്വാഗതസംഘ പ്രഖ്യാപനവും, കൺവീനർ ജി. പൃഥ്വിപാൽ വിശദീകരണവും നടത്തും.
കഴിഞ്ഞ ജൂൺ 11ന് ചെന്നൈയിൽ വച്ച് പത്മവിഭൂഷൺ ഇശൈജ്ഞാനി ഇളയരാജ ചെയർമാനായി ഹരിവരാസനം ശതാബ്ദി ആഘോഷങ്ങളുടെ ദേശീയ സമിതി രൂപീകരിച്ചിരുന്നു
ആഗസ്ത് 29ന് പന്തളത്ത് 18 മാസം നീണ്ടുനിൽക്കുന്ന ആഗോള ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. അയ്യപ്പധർമ്മ പ്രചാരണം ലക്ഷ്യമാക്കി കലാ, കായിക, സാംസ്‌കാരിക, ആദ്ധ്യാത്മിക വിഷയങ്ങളിൽ വിവിധ മത്സരങ്ങൾ, എല്ലാ വിഭാഗക്കാരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സെമിനാറുകൾ, ആത്മീയ പ്രഭാഷണങ്ങൾ, ധാർമ്മിക ക്ലാസുകൾ, പൊതുസമ്മേളനങ്ങൾ, അയ്യപ്പരഥ യാത്രകൾ എന്നിവ രാജ്യത്തുടനീളമായി നടത്തും.
ശതാബ്ദി ആഘോഷസമിതി കൺവീനർ ജി. പൃഥ്വിപാൽ, അയ്യപ്പ സേവാസമാജം സംസ്ഥാന ജനറൽ സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി, ജില്ലാ ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ പുന്നയ്ക്കാട്, സെക്രട്ടറി പി.ജി. വേണുഗോപാൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.