08-oxygen-plant
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ്

കോഴഞ്ചേരി. ജില്ലാ ആശുപത്രിയിൽ 6 കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ച 4 പദ്ധതികളുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ അറിയിച്ചു.
ജില്ലയിലെ ഏറ്റവും വലിയ മെഡിക്കൽ ഓക്‌സിജൻ പ്ലാന്റ്, മാലിന്യ സംസ്‌കരണ പ്ലാന്റ് ,ഹൈടെൻഷൻ വൈദ്യുതി വൽക്കരണം, ആധുനീക ജനറേറ്റർ, ബയോഗ്യാസ് പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുക.
1.70 കോടി രൂപയാണ് സംസ്ഥാന സർക്കാർ 1000 എൽ.പി.എം ഓക്‌സിജൻ പ്ലാന്റിനായി നൽകിയത്. ഇതുകൂടാതെ 55 ലക്ഷം രൂപ മുടക്കി വി കെ എൻ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യൻ നൽകിയ 300 എൽ.പി.എം പ്ലാന്റും ഉൾപ്പടെ ഒരു മിനിറ്റിൽ 1300 ലിറ്റർ ഓക്‌സിജൻ ഉല്പാദിപ്പിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ പ്ലാന്റാണ് ആരംഭിക്കുന്നത്.
ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ മുടക്കി പ്ലാന്റിലേക്ക് പ്രത്യേക റോഡും കെട്ടിടവും ഉൾപ്പെടെ നിർമ്മിച്ചുനൽകും. ഇതോടെ സംസ്ഥാനത്തെ മെഡിക്കൽ ഓക്‌സിജൻ സ്വയംപര്യാപ്ത ആശുപത്രിയായി കോഴഞ്ചേരി മാറും. ഒപ്പം റീഫിൽ ചെയ്യുന്നതിനുള്ള പുതിയ ഉപകരണങ്ങൾ കൂടി സ്ഥാപിക്കുന്നതോടെ മറ്റ് ആശുപത്രികൾക്കു കൂടി ഓക്‌സിജൻ വിതരണം ചെയ്യാൻ കഴിയും.
ജില്ലാ പഞ്ചായത്ത് ജില്ലാ ആശുപത്രിയിൽ ഒരു കോടി രൂപ മുടക്കി നിർമ്മിച്ച മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. എൽ ടി ലൈൻ മാറ്റി ഹൈടെൻഷൻ ലൈൻ സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത് 95 ലക്ഷം രൂപയാണ്.പുതിയ ജനറേറ്റർ വാങ്ങാൻ 55 ലക്ഷം രൂപ നൽകിയതായും ഭാരവാഹികൾ പറഞ്ഞു. 5 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ഖരമാലിന്യ പ്ലാന്റിന്റെയും നിർമ്മാണം പൂർത്തിയായി.ഇതോടെ ശുചിത്വത്തിൽ ജില്ലാ ആശുപത്രിക്ക് മികച്ച നിലവാരം നിലനിറുത്താൻ കഴിയും. ആശുപത്രിക്ക് വെന്റിലേറ്റർ സംവിധാനമുള്ള ആബുലൻസ് വാങ്ങി നൽകാൻ 20 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഇതു കൂടാതെയാണ് എ ബ്ലോക്കിന്റെ അറ്റകുറ്റപ്പണികൾക്കായി 45 ലക്ഷത്തിന്റെ നവീകരണ പ്രവൃത്തികൾ നടത്തുന്നതെന്നും നേതാക്കൾ പറഞ്ഞു.
ആശുപത്രിയുടെ പിൻഭാഗത്തേക്ക് കണ്ടെയ്‌നർ അടക്കം സഞ്ചരിക്കാൻ കഴിയുന്ന റോഡിനായി ഡോ.കെ ജി ശശിധരൻ പിള്ളയാണ് വസ്തുവിട്ടുനൽകിയത്.
ഉദ്ഘാടന യോഗത്തിൽ വർഗീസ് കുര്യൻ, ഡോ.കെ ജി ശശിധരൻ പിള്ള എന്നിവരെ ആദരിക്കും. അഡ്വ.ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ,വൈസ് പ്രസിഡന്റ് സാറാ തോമസ്, ആരോഗ്യ ഉപസമിതി അദ്ധ്യക്ഷൻ ആർ.അജയകുമാർ, എ. കെ. ജി പാലിയേറ്റീവ് ഫൗണ്ടേഷൻ സെക്രട്ടറി ബിജിലി പി .ഈശോ, ജില്ലാ ആശുപത്രി സൂപ്രണ്ട് എസ് .സുഭഗ ,ആർ. എം .ഒ ഡോ. ജീവൻ കെ നായർ എന്നിവർ പങ്കെടുത്തു..